റെയിൽവേയുടെ മുഖ്യ വരുമാനം ചരക്ക് വണ്ടികളിൽ നിന്ന്; ജീവനക്കാരെ നിയമിക്കുന്നത് പകുതി മാത്രം

ന്യൂഡൽഹി: യാത്രാ വണ്ടികളുടെ കാര്യത്തിൽ മാത്രമല്ല വരുമാനത്തിന്റെ മുഖ്യപങ്ക് നൽകുന്ന ചരക്ക് ഗതാഗതത്തിന്റെ കാര്യത്തിലും റെയിൽവേയുടെ പ്രവർത്തനം പകുതിയോളം ജീവനക്കാരെ വെച്ചാണെന്ന് പാർലമെന്ററി കമ്മിറ്റി റിപ്പോർട്.
ചരക്ക് ഗതാഗത കാര്യക്ഷമത ഗണ്യമായി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുമ്പോഴും ജീവനക്കാരുടെ അപര്യാപ്തത പരിഹരിക്കുന്നതിൽ വിമുഖത തുടരുന്നു. പ്രവർത്തന തടസ്സങ്ങൾ ഉടനടി പരിഹരിച്ചില്ലെങ്കിൽ തിരിച്ചടികൾ നേരിടേണ്ടിവരുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നൽകുന്നു.
"ട്രെയിനുകൾ ഓടിക്കുന്നതിൽ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (DFCCIL) നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജീവനക്കാരുടെ ലഭ്യതയാണ്" എന്ന് റെയിൽവേ മന്ത്രാലയത്തിന്റെ തന്നെ റിപ്പോർടിൽ സൂചിപ്പിച്ചിട്ടുള്ളത് കമ്മിറ്റി എടുത്തു പറയുന്നു.
ഇന്ത്യൻ റെയിൽവേ നടത്തുന്ന ഗതാഗത സംവിധാനത്തിനകത്തെ ജീവനക്കാരുടെ എണ്ണത്തെക്കുറിച്ച് 2025 ജൂൺ ഒന്ന് വരെയുള്ള വിശദാംശങ്ങൾ മന്ത്രാലയം കമ്മിറ്റി മുമ്പാകെ സമർപ്പിച്ചിരുന്നു. റെയിൽവെ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ചരക്ക് നീക്കത്തിന് അനുവദിച്ച ലോക്കോ പൈലറ്റുമാരുടെ എണ്ണം 1,42,814 ആണ്. ലഭ്യമായിട്ടുള്ളത് 1,07,928 പേർ മാത്രമാണ്.
അതുപോലെ, ഗുഡ്സ് ട്രെയിൻ മാനേജർമാർക്ക് (ഗാർഡുകൾ) അനുവദിച്ച 22,082 തസ്തികകളിൽ 12,345 എണ്ണം മാത്രമേ നിലവിൽ നികത്തിയിട്ടുള്ളൂ. സ്റ്റേഷൻ മാസ്റ്റർമാർ, സ്റ്റേഷൻ സൂപ്രണ്ടുമാർ എന്നിവരുൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കുമായി അനുവദിച്ച ആകെ ജീവനക്കാരുടെ എണ്ണം 2,06,495 ആണ്, എന്നാൽ ലഭ്യമായിട്ടുള്ള ജീവനക്കാരുടെ യഥാർത്ഥ എണ്ണം 1,59,219 ആണ്.
"കാലതാമസം കുറയ്ക്കുന്നതിനും, മുഴുവൻ മെച്ചപ്പെടുത്തുന്നതിനും, DFC ശൃംഖലയിലുടനീളം തടസ്സമില്ലാത്ത ചരക്ക് നീക്കം ഉറപ്പാക്കുന്നതിനും ജീവനക്കാരുടെ കുറവ് അടിയന്തിരമായി പരിഹരിക്കണമെന്ന് കമ്മിറ്റി ഊന്നിപ്പറയുന്നു,"
2025-26-ൽ ലോക്‌സഭയിൽ അവതരിപ്പിച്ച "ഇന്ത്യൻ റെയിൽവേയുടെ ചരക്ക് അനുബന്ധ വരുമാനം വർദ്ധിപ്പിക്കൽ, സമർപ്പിത ചരക്ക് ഇടനാഴികളുടെ വികസനം" എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ട് കമ്മിറ്റി പരിശോധിച്ചു. ഇത് പ്രകാരം റെയിൽവേയുടെ മൊത്തം വരുമാനത്തിന്റെ 65 ശതമാനത്തോളം ചരക്ക് സേവനങ്ങളാണ് സംഭാവന ചെയ്യുന്നത്. ബാക്കി 35 ശതമാനം മാത്രമാണ് പാസഞ്ചർ സർവീസുകൾ, പാഴ്‌സൽ സർവീസുകൾ, നോൺ-ഫെറെക്സ് വരുമാന സ്രോതസ്സുകൾ എന്നിവയിൽ നിന്ന് വരുന്നത്.
"ചരക്ക് വരുമാനം മൂലമാണ് റെയിൽവേയ്ക്ക് യാത്രാ നിരക്കുകൾ പൊതുജനങ്ങൾക്ക് താങ്ങാനാവുന്ന വിധം ഇപ്പോഴത്തെ നിലയിൽ നിലനിർത്താൻ കഴിയന്നത്," എന്നും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.
റെയിൽ ലോജിസ്റ്റിക്സിലെ ഘടനാപരമായ പരിമിതികൾ, റോഡുമായുള്ള കണക്റ്റിവിറ്റിയുടെ അഭാവം, ഹ്രസ്വ ദൂര ചരക്ക് നീക്കത്തിനുള്ള ഉയർന്ന ചെലവുകൾ, ടെർമിനൽ, മൊബിലിറ്റി പരിമിതികൾ എന്നിവ ചരക്ക് വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയെ തടസ്സപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി. റോഡ് ഗതാഗത സംവിധാനങ്ങക്കെതിരെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിന് ചരക്ക് നിരക്കുകൾ യുക്തിസഹമാക്കാനും നിർദ്ദേശിക്കുന്നു.










0 comments