ad
Deshabhimani

print edition ചരിത്രം പകർത്തിയ 
ചിത്രങ്ങളുടെ ഉടയോൻ

Raghu Rai

രഘു റായി

avatar
സ്വന്തം ലേഖകൻ

Published on Apr 27, 2026, 12:00 AM | 2 min read

ന്യൂഡൽഹി: ഭീതിപ്പെടുത്തുംവിധം വീങ്ങി പാതിതുറന്ന കണ്ണുകള്‍. അവസാനമായ തലോടൽ. അജ്ഞാതനായ ആ കുട്ടിയുടെ ശവസംസ്‍കാര ചിത്രം രഘു റായി ക്യാമറയിൽ പകര്‍ത്തി. ആ ചിത്രം ഭോപാൽ വിഷവാതക ദുരന്ത തീവ്രതയുടെ പ്രതീകമായി മാറി. 1984 ഡിസംബര്‍ നാലിന് രാവിലെ ഭോപ്പാലിലെത്തിയ രഘു റായി, ആയിരങ്ങളുടെ ജീവനെടുത്ത ഇന്ത്യ കണ്ട മഹാദുരന്തത്തെ ചരിത്രത്തിലേക്ക് പകര്‍ത്തി. വിഷവാതക ദുരന്തത്തെ തുടർന്ന്‌ അലസിപ്പോയ ഭ്രൂണം ഫോറൻസിക്‌ പരിശോധനയ്‌ക്കായി കണ്ണാടിക്കുപ്പിയിൽ സൂക്ഷിച്ച ഫോട്ടോ ചരിത്രത്തിന്റെ ദുഃസ്വപ്‌നമായിരുന്നു. വിഷവാതകം ശ്വസിച്ച്‌ മരിച്ചവരുടെ തലയോടുകൾ കൂട്ടിയിട്ട ചാക്കുകളുടെ ഫോട്ടോയും ദുരന്തത്തിന്റെ തീക്ഷ്‌ണത വിളിച്ചോതി. ​


ബംഗ്ലാദേശ്‌ വിമോചനയുദ്ധത്തിനുശേഷം അഭയാർഥികളുടെ നീണ്ട പ്രവാഹങ്ങൾക്ക്‌ പിന്നിലുള്ള മഹായാതനകൾ ലോകം അറിഞ്ഞത്‌ രഘു റായ്‌യുടെ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ ചിത്രങ്ങളിലൂടെയായിരുന്നു. 1971 ഡിസംബറിൽ യുദ്ധം കൊടുന്പിരികൊണ്ട വേളയിൽ ഖുൽനാ അതിർത്തിയിലൂടെ കിഴക്കൻ പാകിസ്ഥാനിലേക്ക്‌ കടന്ന ഇന്ത്യൻ സൈനികർക്കൊപ്പം നിക്കോൺ ക്യാമറയുമായി രഘു റായ്‌യും ഉണ്ടായിരുന്നു. പാക്‌ പട്ടാളക്കാര്‍ ആക്രമണം തുടങ്ങി. വെടിയേറ്റ്‌ വീണ സൈനികരുടെ ചിത്രങ്ങൾ എടുത്ത രഘു റായ്‌ തന്റെ നേരെ ചീറിയെത്തിയ വെടിയുണ്ടയിൽ നിന്നും തലനാരിഴയ്‌ക്കാണ്‌ രക്ഷപ്പെട്ടത്‌.


raghu raiരഘു റായ് ഓൾഡ് ഡൽഹിയിൽ (ഫയൽഫോട്ടോ)



പട്ടിണിയിൽ എല്ലും തോലുമായ കുട്ടികൾ, കുഞ്ഞുങ്ങൾക്ക്‌ കൊടുക്കാൻ മുലപ്പാലില്ലാത്ത അമ്മമാർ, അഴുക്കുചാൽ പൈപ്പുകൾ വീടുകളാക്കിയ നാട്ടുകാർ,‍ ബലാത്സംഗത്തിന്‌ ഇരകളായ യുവതികൾ, വയസ്സായ മാതാപിതാക്കളെ ചുമലിലേറ്റി നീങ്ങുന്ന മക്കൾ !. രണ്ടാഴ്‌ച രഘുറായ്‌ ക്ലിക്ക്‌ ചെയ്‌ത ഫോട്ടോകൾ ദേശീയ, അന്തർദേശീയ മാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. കസേരയിൽ ഇരിക്കുന്ന ഇന്ദിരാഗാന്ധിക്ക്‌ മുന്നിൽ പഞ്ചപുച്ഛമടക്കി കൈയും കെട്ടി നിൽക്കുന്ന കോൺഗ്രസ്‌ നേതാക്കൾ, കൈകുഞ്ഞിനോട്‌ കുശലം പറയുന്ന മദർതെരേസ... ആറ്‌ പതിറ്റാണ്ടോളം ഒ‍ൗദ്യോഗിക ജീവിതത്തിൽ ഇന്ത്യയുടെ ചരിത്ര, വർത്തമാന നേർക്കാഴ്‌ചകളിലേക്ക്‌ വെളിച്ചം വീശുന്ന ആയിരക്കണക്കിന്‌ ഫോട്ടോകൾ രഘു റായ് പകര്‍ത്തി.


1966ൽ സ്‌റ്റേറ്റ്‌സ്‌മാനിൽ ചേർന്ന രഘു റായ്‌ 1976ൽ ഫ്രീലാൻസ്‌ ഫോട്ടോഗ്രാഫറായി. പിന്നീട്‌ കൊൽക്കത്തയിൽ നിന്നുള്ള വാർത്താമാസികയായ ‘സൺഡേ’യിൽ പിക്‌ചർ എഡിറ്ററായി. 1977ൽ വിഖ്യാത ഫ്രഞ്ച്‌ ഫോട്ടോഗ്രാ-ഫർ ഹെൻറി കാർട്ടിയർ ബ്രെസൺ രഘു റായ്‌യെ ഫോട്ടോഗ്രാഫർമാരുടെ അന്താരാഷ്ട്ര കൂട്ടായ്‌മയായ ‘മാഗ്‌നം ഫോട്ടോസി’ലേക്ക്‌ ശുപാർശ ചെയ്‌തു. 1980കളിൽ ‘ഇന്ത്യാടുഡേ’യിൽ ചേർന്നു. രാജ്യത്തിനകത്തും പുറത്തും നിരവധി ഫോട്ടോപ്രദർശനങ്ങൾ നടത്തി. ‘എപ്പോഴും നിങ്ങളുടെ ഉൾസ്വരങ്ങൾക്ക്‌ ചെവിയോർക്കുക. മുന്നിലുള്ള കാഴ്‌ചകളിൽ മുഴുവൻ ശ്രദ്ധയും ഉ‍ൗന്നുക. സദാ ജാഗരൂകരായിരിക്കുക..’–ഫോട്ടോഗ്രാഫർമാർക്കുള്ള രഘു റായ്‌യുടെ ഉപദേശം ഇതായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home