ad
Deshabhimani

പഹൽഗാം ആക്രമണത്തെ അപലപിച്ചെങ്കിലും പാകിസ്ഥാന്റെ പങ്ക്‌ ചോദ്യം ചെയ്യാൻ യോഗം 
തയ്യാറായില്ല

ക്വാഡ്‌ യോ​ഗത്തിലും കേന്ദ്രത്തിന് നയതന്ത്രതോല്‍വി

quad countries meet
വെബ് ഡെസ്ക്

Published on Jul 03, 2025, 04:16 AM | 1 min read


ന്യൂഡൽഹി

പഹൽഗാം ഭീകരാക്രമണത്തിനുശേഷം പാകിസ്ഥാനെ അന്താരാഷ്‌ട്ര തലത്തിൽ ഒറ്റപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ നയതന്ത്ര നീക്കത്തിന് വീണ്ടും തിരിച്ചടി. അമേരിക്കയിൽ നടന്ന ക്വാഡ്‌ വിദേശമന്ത്രിമാരുടെ യോഗം പഹൽഗാം ആക്രമണത്തെ അപലപിച്ചെങ്കിലും പാകിസ്ഥാന്റെ പേര്‌ പറയാൻ തയ്യാറായില്ല. ചൈനയെ പരോക്ഷമായും ഉത്തരകൊറിയയെ നേരിട്ടും കുറ്റപ്പെടുത്തിയ സംയുക്ത പ്രസ്‌താവനയിൽ പാകിസ്ഥാന്റെ പേരുൾപ്പെടുത്താൻ അമേരിക്കയുള്‍പ്പെടെയുള്ള അംഗരാജ്യങ്ങൾ തയ്യാറായില്ല.


അതിർത്തി കടന്നുള്ള ഭീകരത ഉൾപ്പെടെ എല്ലാ ഭീകരവാദ പ്രവർത്തനങ്ങളെയും തീവ്രവാദത്തെയും ക്വാഡ് അപലപിക്കുന്നുവെന്നും കുറ്റവാളികള്‍ക്ക് എതിരെ ‘യുഎൻ അംഗരാജ്യങ്ങൾ’നടപടി സ്വീകരിക്കണം എന്നുമാത്രമാണ്‌ പ്രസ്‌താവനയിലുള്ളത്‌. ചൈനയെ ലക്ഷ്യമിട്ട് അമേരിക്ക സജ്ജമാക്കിയ ഓസ്ട്രേലിയ ജപ്പാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളുടെ സഖ്യമാണ് ക്വാഡ്.


നേരത്തെ ചൈനയിൽ നടന്ന ഷാങ്‌ഹായ്‌ സഹകരണ സംഘടനയുടെ പ്രതിരോധമന്ത്രിതല യോഗത്തിലും കേന്ദ്രസർക്കാരിന്‌ വൻ തിരിച്ചടിയേറ്റു. പഹൽഗാം ആക്രമണം ഒഴിവാക്കി ബലൂചിസ്ഥാനിലെ ആക്രമണങ്ങളെ അപലപിക്കുന്ന സംയുക്ത പ്രസ്‌താവനയിൽ ഇന്ത്യ ഒപ്പിട്ടിരുന്നില്ല. പാകിസ്ഥാനെതിരായ വിമർശം ഉൾപ്പെടുത്താനുള്ള പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങിന്റെ നിർദേശം തള്ളി.


ക്വാഡിലെ അം​ഗരാജ്യങ്ങളെ പാകിസ്ഥാനെ അപലപിക്കാൻ പ്രേരിപ്പിക്കുന്നതിൽ വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ സമ്പൂർണമായി പരാജയപ്പെട്ടു. കിഴക്കൻ ചൈനാ കടലിലെയും ദക്ഷിണ ചൈനാ കടലിലെയും ചൈനയുടെ നാവിക സേനയുടെ സാന്നിധ്യം ആശങ്കയുണ്ടാക്കുന്നതായും യോഗം നിലപാടെടുത്തു. 2026ൽ ഓസ്‌ട്രേലിയയാകും ക്വാഡ്‌ യോഗത്തിന്‌ ആതിഥ്യം വഹിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home