സഹപാഠിയെ കൊന്ന് വിദ്യാർത്ഥി ജീവനൊടുക്കി; പഞ്ചാബിൽ സ്കൂളിനുള്ളിൽ വെടിവയ്പ്

ചണ്ഡീഗഢ്: പഞ്ചാബിലെ സ്‌കൂളിൽ ക്ലാസ് മുറിക്കുള്ളിൽ സഹപാഠിയെ വെടിവെച്ചുകൊന്ന ശേഷം വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു. സഹപാഠികൾക്കും അധ്യാപകർക്കും മുന്നിൽ വെച്ച് നിമിഷങ്ങൾക്കുള്ളിലാണ് സംഭവം.
പ്രണയപ്പകയാണോ കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ചത്. ക്ലാസ് നടന്നുകൊണ്ടിരിക്കെ പെട്ടെന്നുണ്ടായ പ്രകോപനത്തെത്തുടർന്ന് വിദ്യാർത്ഥി കയ്യിലുണ്ടായിരുന്ന തോക്ക് പുറത്തെടുത്ത് പെൺകുട്ടിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
തൊട്ടുപിന്നാലെ സ്വന്തം തലയിലേക്ക് വെടിവെച്ച വിദ്യാർത്ഥിയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കുട്ടികൾ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
സ്‌കൂൾ പരിസരത്തേക്ക് എങ്ങനെയാണ് തോക്ക് എത്തിയെന്നതിനെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് തോക്ക് കൈക്കലാക്കിയതാണോ എന്നും പരിശോധിക്കുന്നുണ്ട്.
പരിക്കേറ്റ പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പഞ്ചാബിലെ ക്രമസമാധാന നിലയെക്കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുരക്ഷയെക്കുറിച്ചും വലിയ ആശങ്കയാണ് ഈ സംഭവം ഉയർത്തുന്നത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.










0 comments