പഞ്ചാബ് വിഷമദ്യ ദുരന്തം: മരണം 23 ആയി

ചണ്ഡീഗഡ്: പഞ്ചാബ് വിഷമദ്യ ദുരന്തത്തിൽ മരണം 23 ആയി. അമൃത്സറിലെ മജിതയിലാണ് വിഷമദ്യ ദുരന്തമുണ്ടായത്. തിങ്കൾ രാത്രി 9:30 ഓടെയാണ് വ്യാജ മദ്യം കഴിച്ച് ആളുകൾ മരിക്കുന്നതായി വിവരം ലഭിച്ചതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ മനീന്ദർ സിങ് പറഞ്ഞു.
സംഭവത്തിൽ 4 പേരെ പിടികൂടിയതായും പ്രധാന വിതരണക്കാരനായ പരബ്ജീത് സിങ്ങിനെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രധാന വിതരണക്കാരനായ സാഹബ് സിങ്ങിനെക്കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. മാജിതയിലെ ഗ്രാമങ്ങളിലെ നിരപരാധികളുടെ മരണത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. "ഇവ മരണങ്ങളല്ല, കൊലപാതകങ്ങളാണ്," ഭഗവന്ത് മാൻ എക്സിൽ കുറിച്ചു.
ദുരന്ത ബാധിത ഗ്രാമങ്ങളിൽ മദ്യം കഴിച്ചിരിക്കാൻ സാധ്യതയുള്ളവരുടെ വീടുകൾ തോറും പരിശോധന നടത്താൻ പ്രത്യേക മെഡിക്കൽ സംഘത്തെ വിന്യസിപ്പിച്ചു. അഞ്ച് ഗ്രാമങ്ങളിലായാണ് ദുരന്തം സംഭവിച്ചത്. മദ്യത്തിലെ വിഷാംശത്തെപ്പറ്റി പരിശോധനകൾ നടക്കുകയാണെന്നും അതിനു ശേഷമേ വിവരങ്ങൾ പറയാൻ സാധിക്കുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാങ്‌വാൻ, ബംഗാലി, പതൽപുരി, മരാരി കലാൻ, തെരേവാൽ, തൽവാണ്ടി ഘുമൻ എന്നീ ഗ്രാമങ്ങളിലുള്ളവരാണ് മദ്യ ദുരന്തത്തിൽ മരിച്ചത്.
മജിതയിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെയും (ഡിഎസ്പി) സ്റ്റേഷൻ ഹൗസ് ഓഫീസറെയും (എസ്എച്ച്ഒ) സംഭവത്തിൽ സസ്‌പെൻഡ് ചെയ്തതായി പൊലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം നഷ്ടപരിഹാരം നൽകുമെന്നും അവരുടെ കുട്ടികളുടെ മുഴുവൻ വിദ്യാഭ്യാസ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്നും പ്രഖ്യാപിച്ചു.
അമൃത്സറിലെ മജിത, കതുനങ്കൽ പോലീസ് സ്റ്റേഷനുകളിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 105 (കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ), 103 (കൊലപാതകം) എന്നിവ പ്രകാരം രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എക്സൈസ് ആക്ടിലെയും എസ്‌സി/എസ്ടി ആക്ടിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരവും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഒരു വർഷത്തിനിടെ സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ വലിയ മദ്യ ദുരന്തമാണിത്. 2024 മാർച്ചിൽ സംഗ്രൂർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 20 പേർക്ക് ജീവൻ നഷ്ടമായിരുന്നു. 2020-ൽ തരൺ തരൺ, അമൃത്സർ, ബട്ടാല എന്നിവിടങ്ങളിൽ വ്യാജ മദ്യം കഴിച്ച് ആകെ 120 പേർ മരിച്ചിരുന്നു.








0 comments