ad
Deshabhimani

പഞ്ചാബിലെ ഇരട്ട സ്ഫോടനം: 'ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്ക'മെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ

Bhagwant Mann
വെബ് ഡെസ്ക്

Published on May 06, 2026, 02:31 PM | 1 min read

ചണ്ഡീഗഡ്: പഞ്ചാബിലെ ജലന്ധറിലും അമൃത്സറിലും ഉണ്ടായ ഇരട്ട സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ബിജെപി ആണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന 'തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ' ഭാഗമാണ് ഈ സ്ഫോടനങ്ങളെന്ന് ഭഗവന്ത് മൻ ആരോപിച്ചു.


ലഹളകൾ ഉണ്ടാക്കുക, സ്ഫോടനങ്ങൾ നടത്തുക, അസ്ഥിരത സൃഷ്ടിക്കുക. ഇതൊക്കെയാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് രീതി. ജനങ്ങളിൽ പരിഭ്രാന്തി പരത്താനും പഞ്ചാബിലെ സമാധാന അന്തരീക്ഷം തകർക്കാനുമാണ് ഈ ഇരട്ട സ്ഫോടനങ്ങൾ ലക്ഷ്യമിട്ടത്. 'ബംഗാളിന് ശേഷം ഇനി പഞ്ചാബിന്റെ ഊഴമാണ്' എന്ന് ബിജെപി നേതാക്കൾ മുൻപ് സൂചിപ്പിച്ചിരുന്നതായും അദ്ദേഹം ആരോപിച്ചു.


ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ജലന്ധറിലെ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപമാണ് ആദ്യ സ്ഫോടനമുണ്ടായത്. പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ വെച്ചിരുന്ന ഐഇഡി (IED) പൊട്ടിത്തെറിക്കുകയായിരുന്നു.


ഇതിന് മൂന്ന് മണിക്കൂറിന് ശേഷം അമൃത്സറിലെ ഖാസയിലുള്ള സൈനിക ക്യാമ്പിന്റെ മതിലിന് നേരെ ബൈക്കിലെത്തിയവർ ഗ്രനേഡ് എറിഞ്ഞു. രണ്ട് സംഭവങ്ങളിലും ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും അതീവ സുരക്ഷാ മേഖലയിലുണ്ടായ സ്ഫോടനങ്ങൾ സംസ്ഥാനത്തെ നടുക്കിയിരിക്കുകയാണ്.


ഭയവും വർഗീയ ധ്രുവീകരണവും ബിജെപിയുടെ രാഷ്ട്രീയ ആയുധങ്ങളാണെന്നും ബംഗാളിന് പിന്നാലെ പഞ്ചാബിനെ അസ്ഥിരപ്പെടുത്താനാണ് അവർ ശ്രമിക്കുന്നതെന്നും ഭഗവന്ത് മൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home