ad
Deshabhimani

ആൺകുഞ്ഞ് ജനിച്ചില്ല; ഭാര്യയുടെ ദേഹത്ത് ആസിഡൊഴിച്ച് ഭർത്താവ്; ചികിത്സ നിഷേധിച്ചും ക്രൂരത

Acid Attack

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 18, 2026, 02:35 PM | 1 min read

പൂനെ: ആൺകുഞ്ഞ് ലഭിക്കാത്തതിലുള്ള പ്രകോപനത്തെ തുടർന്ന് പൂനെയിൽ ഭാര്യയുടെ സ്വകാര്യഭാഗത്ത് ഭർത്താവ് ആസിഡൊഴിച്ചു. ഗുരുതരമായി പരുക്കേറ്റ മുപ്പതുകാരിയെ ദിവസങ്ങളോളം തടങ്കലിൽ പാർപ്പിച്ച ശേഷമാണ് ക്രൂരത പുറത്തറിഞ്ഞത്. സംഭവത്തിൽ വെൽഡറായ ഭർത്താവിനെതിരെ പൂനെ പൊലീസ് കേസെടുത്തു.


ഏപ്രിൽ 20-നായിരുന്നു ക്രൂരമായ ഈ സംഭവം നടന്നത്. ശുചിമുറി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ആസിഡാണ് യുവാവ് ഭാര്യയുടെ സ്വകാര്യഭാഗങ്ങളിൽ ഒഴിച്ചത്. ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. ക്രൂരമായ ആക്രമണത്തിന് ഇരയായ യുവതിക്ക് ഭർത്താവ് ചികിത്സ നിഷേധിക്കുകയായിരുന്നു. വിവരം പുറത്തറിയാതിരിക്കാൻ ഇവരെ മാതാപിതാക്കളുടെ അടുത്തേക്ക് പോകാൻ അനുവദിക്കാതെ വീട്ടിൽ പൂട്ടിയിട്ടു.


മെയ് 9-ന് ഭർത്താവ് ജോലിക്ക് പോയ സമയത്താണ് യുവതി തടങ്കലിൽ നിന്ന് രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തിയത്. തുടർന്ന് മാതാപിതാക്കളോട് താൻ അനുഭവിച്ച ക്രൂരതകൾ തുറന്നുപറയുകയായിരുന്നു. മെയ് 14-ന് യുവതി പൂനെ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി. തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനകൾക്ക് ശേഷം മെയ് 15-ന് പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.


ഫാബ്രിക്കേഷൻ യൂണിറ്റിൽ വെൽഡറായി ജോലി ചെയ്യുന്ന ആളാണ് പ്രതി. ഇവർക്ക് രണ്ട് പെൺമക്കളാണുള്ളത്. ആൺകുഞ്ഞ് ലഭിക്കാത്തതിൻ്റെ പേരിൽ പ്രതി യുവതിയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൂടാതെ, തനിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് കള്ളം ആരോപിച്ച് ഏപ്രിൽ 20 മുതൽ ഭർത്താവ് ക്രൂരമായി ഉപദ്രവിച്ചിരുന്നതായും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്. നിലവിൽ കേസ് രജിസ്റ്റർ ചെയ്ത് കൃത്യമായ അന്വേഷണം നടത്തിവരികയാണെന്ന് പൂനെ പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home