ad
Deshabhimani

print edition പടക്കുതിരയ്ക്ക്‌ എന്തുപറ്റി ; പിഎസ്‌എൽവി സി 62 
വിക്ഷേപണം പരാജയം

pslv
വെബ് ഡെസ്ക്

Published on Jan 13, 2026, 01:31 AM | 2 min read

ശ്രീഹരിക്കോട്ട

ഇന്ത്യയുടെ ഭ‍ൗമ നിരീക്ഷണ ഉപഗ്രഹമായ അന്വേഷ(ഇഒഎസ്‌ എൻ1)യടക്കം 16 ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്ന പിഎസ്‌എൽവി സി 62 ദ‍ൗത്യം ലക്ഷ്യം കണ്ടില്ല. വിക്ഷേപണത്തിന്റെ ഏഴാം മിനിറ്റിൽ റോക്കറ്റ്‌ നിയന്ത്രണം വിടുകയായിരുന്നു. മൂന്നാംഘട്ട ജ്വലനംവരെ സുഗമമായി നടന്നെങ്കിലും പേടകങ്ങൾ വഹിച്ച റോക്കറ്റ്‌ അപ്രതീക്ഷിതമായി മുന്നോട്ടുപോകാതെ ബഹിരാകാശത്ത്‌ നിന്നുകറങ്ങി. തിരുവനന്തപുരം വിഎസ്‌എസ്‌സിയുടെ നിരീക്ഷണ പരിധിയിലായിരുന്നു അപ്പോൾ റോക്കറ്റ്‌. സാങ്കേതിക പ്രശ്‌നം പരിഹരിക്കാൻ ഗ്ര‍ൗണ്ട്‌ സ്‌റ്റേഷൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇ‍ൗ വർഷത്തെ ആദ്യ വിക്ഷേപണം പരാജയപ്പെട്ടത്‌ ഐഎസ്‌ആർഒയിൽ നിരാശ പടർത്തി. കഴിഞ്ഞ വർഷം നടന്ന പിഎസ്‌എൽവി സി 61 ദ‍ൗതവും ലക്ഷ്യം കണ്ടിരുന്നില്ല.


തിങ്കൾ രാവിലെ 10.18ന്‌ ശ്രീഹരിക്കോട്ട സതീഷ്‌ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽനിന്നായിരുന്നു പിഎസ്‌എൽവി സി 62 വിക്ഷേപണം. ആദ്യ രണ്ടുഘട്ടങ്ങൾ കൃത്യതയോടെ പ്രവർത്തിക്കുകയും വേർപെടുകയും ചെയ്‌തു. മൂന്നാഘട്ട ജ്വലനത്തിലൂടെ റോക്കറ്റ്‌ മുന്നോട്ട്‌ നീങ്ങിയെങ്കിലും പെട്ടെന്ന്‌ തകരാറുണ്ടായി. പ്രതീക്ഷിച്ചപോലെ മൂന്നാം ഘട്ടം പ്രവർത്തിച്ചെങ്കിലും പിന്നീട്‌ റോക്കറ്റ്‌ ദിശ തെറ്റുകയായിരുന്നെന്ന്‌ ഐഎസ്‌ആർഒ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു. ഡാറ്റകൾ പഠനവിധേയമാക്കി കാരണം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.


ഡിആർഡിഒയുടെ സഹകരണത്തോടെ നിർമിച്ച ‘അന്വേഷ’യായിരുന്നു പ്രധാന പേടകം. ബ്രസീൽ, സ്‌പെയിൻ, യുകെ, തായ്‌ലന്റ്‌, നേപ്പാൾ എന്നീ രാജ്യങ്ങളുടെയും ഇന്ത്യയിലെ വിവിധ സ്‌റ്റാർട്ടപ്പുകൾ, സർവകലാശാലകൾ എന്നിവയുടെയും ചെറു പേടകങ്ങളുമായിരുന്നു മറ്റുള്ളവ. ബഹിരാകാശത്തുവച്ച്‌ പേടകങ്ങളിൽ ഇന്ധനം നിറക്കാനുള്ള സാങ്കേതികവിദ്യ, ബഹിരാകാശത്തുനിന്ന്‌ തിരികെ ഭ‍ൗമാന്തരീക്ഷത്തിൽ എത്തി വിക്ഷേപിക്കുന്ന ക്യാപ്‌സ്യൂൾ പരീക്ഷണം എന്നിവയെല്ലാം ദ‍ൗത്യത്തിന്റെ ഭാഗമായിരുന്നു.


പടക്കുതിരയ്ക്ക്‌ എന്തുപറ്റി

ഉപഗ്രഹങ്ങളെ കൃത്യതയോടെ ലക്ഷ്യത്തിലെത്തിക്കുന്ന പിഎസ്‌എൽവി റോക്കറ്റ്‌ ഐഎസ്‌ആർഒയുടെ പടക്കുതിര എന്നാണ്‌ അറിയപ്പെടുന്നത്‌. നൂറിലധികം പേടകങ്ങളെ ഒറ്റ ദ‍ൗത്യത്തിൽ ബഹിരാകാശത്ത്‌ എത്തിച്ച ചരിത്രമുണ്ട്‌ അതിന്‌. 2008ൽ ചന്ദ്രയാൻ ഒന്ന്‌ വിക്ഷേപിച്ചതും ഇതിലായിരുന്നു. 4000 കിലോ ഭാരമുള്ള ഉപഗ്രഹങ്ങളുമായി കുതിക്കാനുള്ള ശേഷിയുള്ള പിഎസ്‌എൽവിക്ക്‌ പരാജയം അപൂർവമായിരുന്നു.


എസ്‌എസ്‌എൽവിക്ക്‌ ശേഷം തിരുവനന്തപുരം വിഎസ്‌എസ്‌സി വികസിപ്പിച്ച റോക്കറ്റാണിത്‌. 1993ൽ നടന്ന ആദ്യ ദ‍ൗത്യം പരാജയപ്പെട്ടു. എന്നാൽ, 1994 ഒക്ടോബറിലെ വിജയത്തിലൂടെ തിരിച്ചുവന്നു. പിന്നീട്‌ തുടർച്ചയായ വിജയമായിരുന്നെങ്കിലും 2017 ആഗസ്‌തിലെ പിഎസ്‌എൽവി സി 39 ദ‍ൗത്യം അവസാന നിമിഷം പരാജയപ്പെട്ടു. ഉപഗ്രഹം ഇരുന്ന താപ കവചം തുറക്കാനുള്ള ജ്വലനം നടക്കാതിരുന്നതാണ്‌ പ്രശ്‌നം സൃഷ്ടിച്ചത്‌. ഏറ്റവുമൊടുവിൽ കഴിഞ്ഞവർഷം മേയിൽ പിഎസ്‌എൽവി സി 61 ദ‍ൗത്യവും പരാജയപ്പെട്ടു.


ശ്രീഹരിക്കോട്ട സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽ നിന്നുള്ള 101–ാം ദ‍ൗത്യമായിരുന്നു ഇത്‌. റോക്കറ്റിന്റെ മൂ‍ന്നാം ഘട്ടത്തിന്റെ തുടക്കത്തിലുണ്ടായ ജ്വലന പ്രശ്‌നങ്ങളായിരുന്നു കാരണം. അതേ ഘട്ടം തന്നെ തിങ്കളാഴ്‌ച നടന്ന പിഎസ്‌എൽവി സി 62 വിക്ഷേപണത്തിന്റെ പരാജയകാരണമായി. ഖര, ദ്രവ ഘട്ടങ്ങൾ ശരിയായി പ്രവർത്തിച്ചു. മൂന്നാം ഘട്ട ജ്വലനത്തിനു ശേഷം മുന്നോട്ട്‌ കുതിച്ചെങ്കിലും റോക്കറ്റിന്‌ അസാധാരണ വിറയൽ അനുഭവപ്പെട്ടതായാണ്‌ ഐഎസ്‌ആർഒ വൃത്തം പറയുന്നത്‌. റോക്കറ്റിന്റെ ഇ‍ൗ ഭാഗം വേർപെട്ടോ, നാലാംഘട്ടം ജ്വലിച്ചോ എന്ന വിവരം അറിയാനിരിക്കുന്നതേയുള്ളു. മർദ്ദ വ്യത്യാസം, ദിശാ നിർണയ സംവിധാനങ്ങളുടെ പരാജയം തുടങ്ങിയവയെല്ലാം പരിശോധിക്കുന്നുണ്ട്‌. പരാജയകാരണം പഠിക്കാൻ ഉന്നതതല കമ്മിറ്റി ഉടൻ ഐഎസ്‌ആർഒ രൂപീകരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home