രാജ്യതലസ്ഥാനത്ത് രാത്രിയിലും അലയടിച്ച് പ്രതിഷേധം; ധർണയിരുന്ന എംപിമാരെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് രാത്രിയിലും അലയടിച്ച് പ്രതിഷേധം. തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസിൽ മണിക്കൂറുകളോളം കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെരഞ്ഞെടുപ്പ് കമീഷനെ കാണണമെന്നാവശ്യപ്പെട്ട് കുത്തിയിരുന്ന രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരെയാണ് രാത്രി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. എംപിമാരുടെ മാർച്ച് തടഞ്ഞ പൊലീസ്, ജനപ്രതിനിധികളെ ക്രൂരമായി വലിച്ചിഴച്ചിഴയ്ക്കുകയും മർദ്ദിക്കുകയും ചെയ്തിരുന്നു.
പാർലമെന്റിലെ മകർ ധ്വാർ കവാടത്തിൽ നിന്നാരംഭിച്ച മാർച്ച് ഡൽഹി പൊലീസും കേന്ദ്ര സേനകളും ചേർന്ന് ആകാശവാണി ഭവന് സമീപമാണ് തടഞ്ഞത്. തുടർന്ന് ബാരിക്കേഡുകൾ മറികടന്ന് എംപിമാർ മാർച്ച് ചെയ്യാൻ ശ്രമിച്ചു. എംപിമാർക്ക് പിന്തുണയുമായി പ്രതിപക്ഷ പാർടികളുടെ പ്രവർത്തകരും നേതാക്കളും ആകാശവാണി ഭവന് സമീപമെത്തി.
പ്രതിഷേധത്തെ അടിച്ചമർത്തുന്നതിനായി കടുത്ത നടപടികളാണ് മോദി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. എംപിമാരെ അതിക്രൂരമായാണ് കേന്ദ്ര സേനകളും പൊലീസും നേരിട്ടത്. ഇടതുപക്ഷ എംപിമാർക്ക് മർദനമേറ്റു. എ എ റഹീമിന്റെ പുറത്ത് പരിക്കേറ്റതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, എ എ റഹീം തുടങ്ങിയ എംപിമാരെ രണ്ടുതവണയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.








0 comments