ശക്തമായ കാറ്റും മിന്നലോട് കൂടിയ മഴയും തുടരുന്നു: വിവിധയിടങ്ങളിൽ മരം കടപുഴകി വീണു,

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റും മിന്നലോട് കൂടിയ മഴയും തുടരുന്നു. മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. മരം വീണ് വിവിധ ജില്ലകളിൽ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കോഴിക്കോട്ട് മരം വീടിന് മുകളിലേക്ക് വീണ് ദമ്പതികൾക്ക് പരിക്കേറ്റു.
ബാലുശ്ശേരി കൈതച്ചാലിന് സമീപം ഭാസ്കരന്റെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് ഭാസ്കരനും ഭാര്യ പ്രേമയ്ക്കും പരിക്കേറ്റു. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്വകാര്യ ഹോട്ടലിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മരം കടപുഴകി വീണ് കാർ തകർന്നു. അപകടത്തിൽ സമീപത്തുണ്ടായിരുന്ന മറ്റു രണ്ടു വാഹനങ്ങൾക്കും കേടുപാടുകൾ പറ്റി.
മലപ്പുറം തിരൂർ റോഡിൽ കൂറ്റൻ ആൽമരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. മരം മുറിച്ചുമാറ്റി റോഡ് ഗതാഗതയോഗ്യമാക്കാനുള്ള ശ്രമങ്ങൾ ഫയർഫോഴ്സും പ്രാദേശികവാസികളും ചേർന്ന് തുടരുകയാണ്. പെരുമ്പാവൂർ ഓടക്കാലി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഓഡിറ്റോറിയത്തിന്റെ മേൽക്കൂര കാറ്റിൽ തകർന്നു വീണു. അപകടസമയത്ത് വിദ്യാർഥികൾ ഓഡിറ്റോറിയത്തിൽ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
അതേസമയം കേരളത്തിൽ ഇന്ന് മുതൽ 10വരെയുള്ള ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒക്ടോബർ 6, 9, 10 തീയതികളിൽ കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40–50 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഒക്ടോബർ 7, 8 തീയതികളിൽ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 9-ാം തീയതി ആറ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് അലേർട്ട് ഉള്ളത്. 10-ാം തീയതി 3 ജില്ലകളിൽ യല്ലോ അലേർട്ടാണ്. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലേർട്ടുള്ളത്.
തെക്കൻ കേരള തീരത്തിന് സമീപമുള്ള തെക്കുകിഴക്കൻ അറബിക്കടലിൽ, സമുദ്രനിരപ്പിൽ നിന്ന് 5.8 കി.മീ. ഉയരത്തിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. വടക്കൻ തമിഴ്നാടിന് മുകളിൽ, സമുദ്രനിരപ്പിൽ നിന്ന് 5.8 കി.മീ. ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴി തുടരുന്നു. മന്നാർ കടലിടുക്കിൽ നിന്ന് മധ്യ മഹാരാഷ്ട്രയിലേക്ക്, തമിഴ്നാടും കർണാടകയും വഴി കടന്നുപോകുന്ന, സമുദ്രനിരപ്പിൽ നിന്ന് 0.9 കി.മീ. ഉയരത്തിൽ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുവെന്നും മുന്നറിയിപ്പുണ്ട്.







0 comments