ട്രെയിനിൽ കയറുന്നതിനെ ചൊല്ലി തർക്കം: കോളേജ് പ്രൊഫസറെ പ്ലാറ്റ്ഫോമിൽ വെച്ച് കുത്തിക്കൊന്നു; പ്രതി അറസ്റ്റില്‍

മുംബൈ: ട്രെയിനിൽ കയറുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ കോളേജ് പ്രൊഫസറെ കുത്തിക്കൊന്നു. എൻഎം കോളജിൽ അധ്യാപകനായ അലോക് സിങ്ങാണ് കൊല്ലപ്പെട്ടത്. പ്രതി ഓംകാർ ഷിൻഡെയുമായുണ്ടായ തർക്കമാണ് കൊലപാതത്തിൽ കലാശിച്ചത്. സംഭവത്തിൽ സഹയാത്രികനായ 27കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച കൊല്ലപ്പെട്ട അലോക് സിങ്ങും പ്രതി ഷിൻഡെയും ഒരേ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. ട്രെയിൻ മലാദിനടുത്തെത്തിയപ്പോൾ, തിരക്കേറിയ കമ്പാർട്ട്മെന്റ് ഗേറ്റുകളിലൂടെ കയറുന്നതിനെ ചൊല്ലി തർക്കമുണ്ടായി. മുംബൈയിൽ സാധാരണ ഗതിയിലുണ്ടാകുന്ന തർക്കമാണിത്.
എന്നാൽ വാക്കുതർക്കം ഉടൻ തന്നെ കയ്യാങ്കളിയിലേക്ക് വഴിമാറി. പ്ലാറ്റ്‌ഫോമിലേക്ക് കാലെടുത്തുവച്ച ഉടൻ പ്രതി മൂർച്ചയുള്ള കത്തി പുറത്തെടുത്ത് അലോക് സിങ്ങിൻ്റെ വയറ്റിൽ പലതവണ കുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഓംകാർ ഷിൻഡെ ഓടിരക്ഷപ്പെടുകയും ചെയ്തു.
വിവരമറിഞ്ഞയുടൻ റെയിൽവേ പൊലീസടക്കം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടങ്ങി. ദൃശ്യങ്ങളിൽ വെള്ള ഷർട്ടും നീല ജീൻസും ധരിച്ച ഒരാൾ ഫുട് ഓവർ ബ്രിഡ്ജിലൂടെ ഓടിപ്പോകുന്നത് കണ്ടെത്താനായി. ഈ തെളിവുകളും എഐയും ഉപയോഗിച്ച് പൊലീസ് ഷിൻഡെയെ പിടികൂടുകയായിരുന്നു. ട്രെയിനിലെ തർക്കം മാത്രമാണോ പ്രകോപന കാരണമെന്നും മറ്റന്തെങ്കിലും കാരണം കൊലപാതകത്തിൽ ഉണ്ടോയെന്നും പൊലീസ് പരിശോധിക്കുകയാണ്. അലോക് സിംങിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി അയച്ചു.










0 comments