മഹാരാഷ്‌ട്രയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട വൈദികൻ ഉൾപ്പെടെയുള്ളവർക്ക് ജാമ്യം

ഫാദർ സുധീറും ഭാര്യ ജാസ്മിനും പ്രാദേശിക വൈദികരും പൊലീസ് കസ്റ്റഡിയിൽ ആയിരുന്നപ്പോഴത്തെ ചിത്രം
തിരുവനന്തപുരം: ബിജെപി സഖ്യ സർക്കാർ ഭരിക്കുന്ന മഹാരാഷ്‌ട്രയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത വൈദികന് കോടതി ജാമ്യം അനുവദിച്ചു. വിചാരണ ജനുവരി 13-ന് നടക്കും. സുധീര്‍, ഭാര്യ ജാസ്മിന്‍ ഉള്‍പ്പെടെ 12 പേര്‍ക്കാണ് കോടതി ഉപാധികളോടെ ജാമ്യം. ക്രിസ്‌മസ് പ്രാർഥന യോഗത്തിനിടെയായിരുന്നു നാഗ്പുർ ഷിംഗോഡിയിലാണ് സിഎസ്ഐ സഭ നാഗ്‌പുർ മിഷനിലെ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ബജ്രംഗ്ദൾ പ്രവർത്തകരുടെ പരാതിയിലായിരുന്നു ബെനോഡ പൊലീസിന്റെ നടപടി.
'ഞായറാഴ്ചയായിരുന്നു സുഹൃത്തിന്റെ പിറന്നാള്‍ പരിപാടികള്‍ നടന്നത്. അന്നെനിക്ക് പോകാനായില്ല. അവരത് അടുത്ത ദിവസത്തേക്ക് മാറ്റി. വൈകുന്നേരം ആറുമണിയോടെ ഞങ്ങള്‍ വീട്ടിലെത്തി. പിറന്നാളാഘോഷം നടക്കുന്നതിനിടെ ക്രിസ്മസ് പാട്ടുകൾ പാടി. പിറന്നാൾ സന്ദേശം നൽകി. പിറന്നാളാഘോഷത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ബജ്റംഗ്ദൾ പ്രവർത്തകർ വീടിന് മുന്നിലെത്തി പ്രശ്നമുണ്ടാക്കിയത്. മതപരിവർത്തനം എന്ന് ഒന്നും ഉദ്ദേശിച്ചല്ല പിറന്നാളാഘോഷത്തിന് പോയത്.
ആളുകൾ കൂടിയതോടെ പൊലീസ് എത്തി ഞങ്ങളെ സ്റ്റേഷനിലെത്തിച്ചു. ഞങ്ങളെ സഹായിക്കാന്‍ വന്ന പാസ്റ്റര്‍മാരെയും പൊലീസിന് അകത്തിരുത്തേണ്ടിവന്നു. മതപരിവര്‍ത്തനം എന്ന് പറയുന്നത് തന്നെ മോശമാണ്' - ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ സുധീർ മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ അഞ്ചുവർഷമായി പ്രദേശത്ത് സുവിശേഷകനായി ജോലിചെയ്യുകയാണ് സുധീർ. തിരുവനന്തപുരം അമരവിള സ്വദേശിയാണ്. സമാന രീതിയിൽ, ഒക്ടോബറിൽ മധ്യപ്രദേശിൽ മലയിൻകീഴ് സ്വദേശിയായ ഫാദർ ഗോഡ്‌വിനെയും ജൂലൈയിൽ ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെയും അറസ്റ്റ് ചെയ്തിരുന്നു.
രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ഹിന്ദുത്വസംഘടനകൾ വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു. ക്രൈസ്തവ വിശ്വാസികളെ ആക്രമിക്കുകയും ക്രിസ്മസ് അലങ്കാരങ്ങൾ നശിപ്പിക്കുകയും ചെയ്തു.










0 comments