print edition രാജ്യത്ത് വിലക്കയറ്റം 2.75 ശതമാനമായി വര്‍ധിച്ചു

കൊച്ചി
രാജ്യത്ത് ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള ചില്ലറ വിലക്കയറ്റം ജനുവരിയില്‍ 2.75 ശതമാനമായി വര്‍ധിച്ചു. എട്ടുമാസത്തെ ഉയര്‍ന്ന നിലയാണിത്. ഡിസംബറില്‍ 1.33 ശതമാനമായിരുന്നു. ജനുവരിയില്‍ ഗ്രാമീണമേലയിലെ വിലക്കയറ്റം 2.73 ശതമാനവും നഗരമേഖലയില്‍ 2.77 ശതമാനവുമായെന്നും കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
ഭക്ഷ്യവസ്തുക്കളുടെ വിലവർധനയാണ് ഇതിന് പ്രധാന കാരണം. ജനുവരിയില്‍ 2.13 ശതമാനമാണ് രാജ്യത്തെ ഭക്ഷ്യോൽപ്പന്ന വിഭാഗത്തിലെ ചില്ലറ വിലക്കയറ്റം. ഗ്രാമീണ മേഖലയിൽ ഇത് 1.96 ശതമാനവും നഗരമേഖലയില്‍ 2.44 ശതമാനവുമാണ്.
ചില്ലറ വിലക്കയറ്റം കണക്കാക്കുന്നതിനുള്ള അടിസ്ഥാനവര്‍ഷം ജനുവരി മുതല്‍ 2012ന് പകരം 2024 ആക്കി മാറ്റിയശേഷമുള്ള ആദ്യത്തെ കണക്കുകളാണ് മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയത്.
പുതിയ കണക്കില്‍ ചില്ലറ വിലക്കയറ്റം കണക്കാക്കുന്നതിന് പരിഗണിക്കുന്ന നിത്യോപയോഗ സാധനങ്ങളിലും മറ്റു ഉൽപ്പന്നങ്ങളിലും മാറ്റം വരുത്തി. വിസിആര്‍, ഡിവിഡി പ്ലെയറുകള്‍, ടോര്‍ച്ച് ലൈറ്റ്, ഓഡിയോ കാസറ്റുകള്‍, റേഡിയോ, തയ്യല്‍ മെഷീന്‍ തുടങ്ങിയവ പട്ടികയില്‍നിന്ന് ഒഴിവാക്കുകയും ഓണ്‍ലൈന്‍ ഷോപ്പിങ്, ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളുടെ വരിസംഖ്യാ നിരക്കുകള്‍, ഗ്രാമീണ മേഖലയിലെ വീട്ടുവാടക, മൂല്യവര്‍ധിത ഡെയറി ഉൽപ്പന്നങ്ങള്‍, പെന്‍ഡ്രൈവ്, വ്യായാമ ഉപകരണങ്ങള്‍, പരിചാരകര്‍ക്കും കുട്ടികളെ നോക്കുന്ന ആയക്കുമുള്ള (ബേബി സിറ്റര്‍) ചെലവ് തുടങ്ങിയവ ഉള്‍പ്പെടുത്തുകയും ചെയ്തു.










0 comments