നടപ്പാക്കുന്നത് വൻവില വര്‍ധന
പഴയ പെട്രോൾ വേണോ 15 രൂപ അധികം നൽകണം; ഇ-10 പ്രീമിയം ഇനത്തിൽ ഉൾപ്പെടുത്തി വിൽക്കാൻ കേന്ദ്ര നീക്കം

ന്യൂഡൽഹി:വിദഗ്ധരുടെ മുന്നറിയിപ്പുകൾ അവഗണിച്ചും ജനഹിതം പരിഗണിക്കാതെയും നിര്‍ബന്ധിതമായി ഇ-20 കലര്‍പ് ഇന്ധനം നടപ്പാക്കിയ ശേഷം പ്രതിഷേധം തണുപ്പിക്കാൻ പുതിയ വാഗ്ദാനവുമായി കേന്ദ്ര സര്‍ക്കാര്‍. പഴയ വാഹനങ്ങൾക്ക് ആവശ്യമെങ്കിൽ പഴയ രീതിയിലുളള ഇ-10 പെട്രോൾ ലഭ്യമാക്കും എന്നാണ് വാഗ്ദാനം. എന്നാൽ ഇതിന് നേരത്തെ പ്രീമിയം പെട്രോളിന് നൽകിയിരുന്ന കാശ് നൽകേണ്ടി വരും. ജനഹിതം പരിഗണിക്കുന്നു എന്ന പേരിൽ നിസ്സഹായരായ ഉപഭോക്താക്കൾക്ക് മുകളിൽ പരോക്ഷമായി വൻവില വര്‍ധന അടിച്ചേൽപ്പിക്കുന്നതാണ് നീക്കം.
ജനങ്ങളുടെ നിസ്സഹായത
2023 ന് മുൻപ് ഇറങ്ങിയ ഭൂരിഭാഗം ഇരുചക്ര നാലുചക്ര വാഹനങ്ങളും പത്ത് ശതമാനം വരെ എഥനോൾ കലര്‍പ്പുള്ള ഇ-10 പെട്രോൾ ഉപയോഗത്തിന് അനുയോജ്യമായ രീതിയിൽ നിര്‍മിച്ചവയാണ്. ഇവയിൽ 20 ശതമാനം കലര്‍പ്പുള്ള പെട്രോൾ ഉപയോഗിച്ചാൽ മൈലേജും എഞ്ചിൻ ക്ഷമതയും കുറയും. ഫ്യുവൽ പമ്പിനും റബര്‍ പ്ലാസ്റ്റിക് പാര്‍ട്സുകൾക്കും കേടുപാടുകൾ സംഭവിക്കും. ആരുമറിയാതെ കലര്‍പ്പ് പ്രയോഗത്തിൽ വരുത്തിയപ്പോൾ വാഹന ഉടമകളുടെ സംഘടനകളും വിദഗ്ധരും ഈ മുന്നറിയിപ്പ് ആവര്‍ത്തിച്ചിരുന്നതാണ്.
ഈ നഷ്ടങ്ങൾ എല്ലാം സഹിക്കുന്നതിന് പകരം നിങ്ങൾക്ക് വില കൂടിയ ഇ-10 പെട്രോൾ ലഭ്യമാക്കാം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോൾ പറയുന്നത്. നേരത്തെ രാജ്യത്ത് ലഭ്യമായിരുന്ന പെട്രോൾ തന്നെയാണിത്. പക്ഷേ ഇനി ഇവ പ്രീമിയം ഇനത്തിൽ ഉൾപ്പെടുത്തി. ഉയര്‍ന്ന നിരക്കിലായിരിക്കും വിൽക്കുക. ലിറ്ററിന് പത്ത് മുതൽ പതിനഞ്ച് രൂപവരെ കൂടുതൽ നൽകേണ്ടി വരും. യാഥാര്‍ത്ഥത്തിൽ 2022 ജൂൺ മുതൽ ഇന്ത്യയിലെ എല്ലാ പമ്പുകളിലും ഇ-10 മിശ്രിത എണ്ണയാണ് ലഭിക്കുന്നത്. 2023 ഏപ്രിൽ മുതലാണ് ഘട്ടം ഘട്ടമായി 20% എഥനോൾ അടങ്ങിയ E20 പെട്രോൾ മാത്രമാക്കി കലര്‍പ്പ് ഉയര്‍ത്തിയത്. ഇവ രണ്ടും ജനങ്ങളെ അറിയിക്കാതെയും വില വ്യത്യാസം വരുത്താതെയും നടത്തിയ പരിഷ്കാരങ്ങൾ ആയിരുന്നു.
പരോക്ഷ വില വര്‍ധന
ചൂഷണം രണ്ടു തലങ്ങളിൽ
കുറഞ്ഞ മൈലേജ് നൽകുന്ന ഇ-20 പെട്രോൾ ഇപ്പോൾ പഴയ വിലയ്ക്ക് തന്നെയാണ് വിൽക്കുന്നത്. എഥനോൾ കലര്‍ത്തുമ്പോൾ അതിന് അനുസൃതമായി വിലയും കുറയും. മൈലേജ് നഷ്ടം അതിൽ പരിഹരിക്കാൻ കഴിയും എന്നൊക്കെയാണ് നേരത്തെ ന്യായീകരണങ്ങൾ ഉണ്ടായത്. ഇവ സൗകര്യ പൂര്‍വം മറന്നു. ഒരു ലിറ്റര്‍ പെട്രോൾ വാങ്ങിക്കുമ്പോൾ ഇപ്പോൾ ഒരു ഉപഭോക്താവിന് 80 ശതമാനം പെട്രോളും 20 ശതമാനം എഥനോളുമാണ് ലഭിക്കുന്നത്. എഥനോളിന്റെ വിലക്കുറവ് തന്ത്രപൂര്‍വം കമ്പനികൾ പോക്കറ്റിലാക്കി.
പ്രതിഷേധം പരിഗണിച്ച് എന്ന പേരിൽ പഴയ പെട്രോൾ തുടര്‍ന്നു ലഭ്യമാക്കും എന്ന പുതിയ വാഗ്ദാനത്തിലും ഇതേ തന്ത്രമാണ്. നേരത്തെ ലഭിച്ച വിലയ്ക്ക് ആവില്ല ഇത് വിൽക്കുക. പകരം പ്രീമിയം ഇനത്തിൽ ഉൾപ്പെടുത്തിയാവും. വില വര്‍ധന പഴയ വാഹന ഉടമകൾക്കുള്ള ശിക്ഷയാക്കി മാറ്റുന്നു. ഇ-20 ഏര്‍പ്പെടുത്തിതിൽ നിങ്ങൾ പ്രതിഷേധിച്ചു. എങ്കിൽ പുതിയ വില നൽകി പഴയ ഇ-10 വാങ്ങിക്കോളൂ എന്നാണ്.

ആവശ്യവും വാഗ്ദാനത്തിന്
പിന്നിലെ ചതിയും
പ്രീമിയം നിരക്കിലല്ലാതെ സാധാരണ നിരക്കിൽ തന്നെ പഴയ വാഹനങ്ങൾക്കായി E10 പെട്രോൾ എല്ലാ പമ്പുകളിലും ലഭ്യമാക്കാൻ സർക്കാരും എണ്ണക്കമ്പനികളും തയ്യാറാകണം എന്നായിരുന്നു ആവശ്യം. പെട്രോൾ പമ്പുകളിൽ ഏത് ഫ്യുവൽ ഡിസ്പെൻസറിലാണ് E10, ഏതിലാണ് E20 എന്ന് ഉപഭോക്താക്കൾക്ക് മനിലാവുന്ന വിധം പ്രദര്‍ശിപ്പിക്കണം എന്നും ആവശ്യം ഉയര്‍ന്നു. ഇ-20 മറ്റ് രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കിയിട്ടുണ്ട് എന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. അത്തരം രാജ്യങ്ങളിൽ എല്ലാം തന്നെ ഇത്തരത്തിൽ ഫ്ലക്സി ഒപ്ഷനുകൾ നൽകി വരുന്നുണ്ട്. ഇവ മറച്ചുവെച്ചാണ് മറ്റ് രാജ്യങ്ങളെ ചൂണ്ടി മിശ്രണത്തെ ന്യായീകരിച്ചത്.
എന്താണ് പുതിയ ന്യായീകരണം
എല്ലാ പമ്പുകളിലും സാധാരണ നിരക്കിൽ E20, E10 പെട്രോളുകൾ വിൽക്കാൻ പ്രത്യേകം ടാങ്കുകളും ഡിസ്പെൻസറുകളും ക്രമീകരിക്കുന്നത് വൻ സാമ്പത്തിക ബാധ്യത വരുത്തി തീര്‍ക്കും. അതിനാൽ നിലവിലുള്ള പ്രീമിയം ശൃംഖലയിൽ ഉൾപ്പെടുത്തി നൽകുന്നു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.

ചുരുക്കത്തിൽ, വിപണിയിൽ നിന്ന് സാധാരണ E10 പെട്രോൾ ഒഴിവാക്കി ഉയര്‍ന്ന വിലയിൽ കലര്‍പ്പ് പെട്രോളായ E20 നടപ്പാക്കി. എന്നിട്ടും മതിയാവാതെ 'വാഹന ഉപഭോക്താക്കളുടെ പരാതികൾ മാനിച്ച്' എന്ന പേരിൽ പ്രീമിയം ലേബൽ ഒട്ടിച്ച് മുൻപത്തെക്കാൾ വലിയ വിലയിൽ E10 പെട്രോൾ തിരികെ കൊണ്ടുവന്ന് വിൽപന നടത്തുന്നു.









0 comments