നേപ്പാൾ പ്രളയം: ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഐടിയു

Photo: Reuters
ന്യൂഡൽഹി: പ്രളയത്തിൽ ദുരിതം നേരിടുന്ന നേപ്പാളിന് സിഐടിയു ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മഞ്ഞുമല അടർന്നു നദിയിൽ പതിച്ചതിനെ തുടർന്ന് പട്ടണങ്ങളെയും ഗ്രാമങ്ങളെയും വിഴുങ്ങിയ മിന്നൽപ്രളയത്തിൽ ഇതുവരെ പൊലിഞ്ഞത് 547 ജീവനുകളാണ്. നിരവധി ജനവാസകേന്ദ്രങ്ങൾ പൂർണമായും തകർന്നു. 900ലധികം പേരെ കാണാതായി. കാണാതായവരെ വേഗത്തിൽ കണ്ടെത്താനും രക്ഷപ്പെടുത്താനും അടിയന്തരമായ നടപടികൾ സ്വീകരിക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടു.
അനിയന്ത്രിതമായ ആഗോളതാപനത്തെ തുടർന്ന് ഹിമാലയത്തിലെ ഹിമാനികൾ അതിവേഗം ഉരുകുന്നത് പ്രളയ സാധ്യതകൾ കൂടുന്നതിന് കാരണമാകുമെന്ന് ശാസ്ത്രജ്ഞർ ദീർഘകാലമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്രകൃതിയെ യാതൊരു മുൻകരുതലുമില്ലാതെ വിവേകശൂന്യമായി ചൂഷണം ചെയ്യുന്ന മുതലാളിത്ത വ്യവസ്ഥയുടെ നേരിട്ടുള്ള പ്രത്യാഘാതമാണ് ഇത്തരം ദുരന്തങ്ങളെന്ന് സിഐടിയു പ്രസ്താവനയിൽ പറഞ്ഞു. ദുരന്തത്തിന്റെ ഏറ്റവും വലിയ ആഘാതം തൊളിലാളികൾ ഉൾപ്പടെയുള്ള സാധാരണ ജനങ്ങളാണ് നേരിടുന്നതെന്നും സിഐടിയു ചൂണ്ടിക്കാട്ടി.
ഒരുവർഷത്തിനുള്ളിൽ ഇതേ നദീതടത്തിൽ സംഭവിക്കുന്ന രണ്ടാമത്തെ ഹിമാനി വിസ്ഫോടന ദുരന്തമാണിതെന്നും സിഐടിയു പ്രസ്താവനയിൽ പറഞ്ഞു. 2025 ജൂലൈയിൽ റസുവാഗഢിയിലുണ്ടായ പ്രളയത്തിന് പിന്നാലെയാണ് നേപ്പാളിനെ തകർന്ന മറ്റൊരു ദുരന്തം. നേപ്പാൾ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തണമെന്നും അതിന് ഇന്ത്യാ സർക്കാർ പൂർണ പിന്തുണ നൽകണമെന്നും സിഐടിയു ആവശ്യപ്പെട്ടു.
നേപ്പാളിൽ കാണാതായ എല്ലാ ഇന്ത്യക്കാരെയും, കൈലാസ് മാനസരോവർ തീർഥാടകരടക്കമുള്ളവരെയും കണ്ടെത്തുന്നതിനും സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും കേന്ദ്രസർക്കാരും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളും അടിയന്തര നടപടി സ്വീകരിക്കണമെന്നും ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ആവശ്യമായ സഹായം ഉറപ്പാക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സിഐടിയു അനുശോചനം രേഖപ്പെടുത്തി.








0 comments