യുപിയിൽ സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ മർദിച്ചു കൊന്നു

ലഖ്നൗ: ഉത്തർപ്രദേശിൽ സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ മർദിച്ചു കൊലപ്പെടുത്തി. മെയ്ൻപുരി ജില്ലയിലെ ഗോപാൽപൂർ ഗ്രാമത്തിൽ ആണ് സംഭവം. 21കാരിയായ രജനി കുമാരിയാണ് കൊല്ലപ്പെട്ടത്. ഇവരെ ഭർത്താവും ബന്ധുക്കളും ചേർന്ന് മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഗോപാൽപൂർ സ്വദേശിയായ സച്ചിനെ രജനി കുമാരി വിവാഹം ചെയ്തത്. പിന്നാലെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിന്റെ ബന്ധുകൾ യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. അഞ്ച് ലക്ഷം രൂപകൂടി സ്ത്രീധനമായി വേണമെന്നായിരുന്നു ആവശ്യം. വെള്ളിയാഴ്ച യുവതിയെ ബന്ധുക്കൾ ചേർന്ന് ആക്രമിച്ചെന്നാണ് പൊലീസ് നൽകുന്ന വിവരം.
തെളിവുകൾ നശിപ്പിക്കാൻ മൃതദേഹം തിരക്കിട്ട് സംസ്‌കരിച്ചു. രജനിയുടെ അമ്മ സുനിതാ ദേവി ഒഞ്ച പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ കേസെടുത്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് (റൂറൽ) അറിയിച്ചു.











0 comments