Deshabhimani

ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിതീർക്കാൻ ശ്രമം, ഭാര്യയും സുഹൃത്തും പിടിയിൽ

arrest lockup
വെബ് ഡെസ്ക്

Published on Nov 09, 2026, 03:52 PM | 1 min read

ബെംഗളൂരു: യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഹൃദയാഘാതമെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച സംഭവത്തിൽ ഭാര്യയും സുഹൃത്തും അറസ്റ്റിൽ. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലാണ് സംഭവം. ദൊഡ്ഡതൊഗൂര് സ്വദേശിയുടെ മരണത്തിലാണ് ഭാര്യയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തത്.


ഒക്ടോബർ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാത്ത്റൂമിൽ വഴുതി വീണ് ഹൃദയാഘാതം മൂലമാണ് സഹോദരൻ മരിച്ചതെന്നായിരുന്നു ഭാര്യയുയും ബന്ധുക്കളും പറഞ്ഞിരുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ഇലക്ട്രോണിക് സിറ്റി പൊലീസ് അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നത്.


എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ മരണത്തിൽ സംശയം തോന്നി പൊലീസ് അന്വേഷണം ഊർജിതമാക്കി. തുടർന്ന് നവംബർ 5ന് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ വ്യക്തിയാണ് കൊലപാതക വിവരം വെളിപ്പെടുത്തിയത്. മരിച്ചയാളുടെ ഭാര്യയുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഇത് ഭർത്താവ് അറിഞ്ഞ് തങ്ങളെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഇയാൾ സമ്മതിച്ചു. ഇരുവരുടെയും ബന്ധത്തിന് തടസ്സമായതിനെ തുടർന്നാണ് ഭർത്താവിനെ ഒഴിവാക്കാൻ ഇരുവരും ഗൂഢാലോചന നടത്തിയത്.


ഒക്ടോബർ 12ന് പുലർച്ചെ കഴുത്ത് ഞെരിച്ചും മൂക്കും വായയും പൊത്തിപ്പിടിച്ചും ശ്വാസം മുട്ടിച്ചുമാണ് ഇരുവരും ചേർന്ന് കൊലപാതകം നടത്തിയത്. തുടർന്ന് ബാത്ത്റൂമിൽ വീണ് ഹൃദയാഘാതം വന്നതാണെന്ന് ബന്ധുക്കളെയും മറ്റുള്ളവരെയും വിശ്വസിപ്പിക്കുകയായിരുന്നു.


നവംബർ 6ന് വീട്ടിലെത്തി പൊലീസ് ഭാര്യയെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇവരും കുറ്റം സമ്മതിച്ചതോടെ കേസ് കൊലപാതക കുറ്റമായി മാറ്റി. പ്രതികളെ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇലക്ട്രോണിക് സിറ്റി ഡിസിപി എം. നാരായണ, എസിപി കെ.എം. സതീഷ് എന്നിവരുടെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ അസ്രുദ്ദീൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home