പാക് അധിനിവേശ കശ്മീരിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭംച രണ്ട് പേര്‍ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: സർക്കാർ അവഗണനയ്ക്കും വിവേചനത്തിനും എതിരെ പാക് അധിനിവേശ കശ്മീരിൽ പ്രക്ഷോഭം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സൈന്യം നടത്തിയ വെടിവയ്‌പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും 22 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അവാമി ആക്‌ഷൻ കമ്മിറ്റി (എഎസി) നേതൃത്വത്തിൽ മുസഫറാബാദിലാണ് സംഘർഷം. പ്രദേശത്ത് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സൈന്യം കണ്ണീർവാതക ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തി.
"ഷട്ടർ-ഡൗൺ ആൻഡ് വീൽ-ജാം" എന്ന പേരിലാണ് പണിമുടക്കും പ്രക്ഷോഭവും പ്രഖ്യാപിച്ചത്. പ്രക്ഷോഭകർ അധികൃതരുമായി ശനിയാഴ്ച നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് പ്രത്യക്ഷ സമരത്തിലേക്ക് എത്തിയത്.
സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ അനുവദിക്കുക, ന്യായമായ വൈദ്യുതി നിരക്ക്, ശുദ്ധജലം ഉറപ്പാക്കുക, സർക്കാർ വാഗ്ദാനം ചെയ്ത പരിഷ്ക്കാരങ്ങൾ നടപ്പാക്കുക, കശ്മീരി അഭയാർഥികൾക്ക് പാക് അധിനിവേശ കശ്മീരിലെ നിയമസഭയിൽ 12 സീറ്റ് അനുവദിച്ചത് നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.










0 comments