പോക്സോ കേസ്: കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകന്റെ ജാമ്യാപേക്ഷ തള്ളി

ഹൈദരാബാദ്: പോക്സോ കേസിൽ പ്രതിയായ കേന്ദ്ര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ ബണ്ടി ഭാഗീരഥിന് തിരിച്ചടി. അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ട് ഭാഗീരഥ് സമർപ്പിച്ച ഹർജി തെലങ്കാന ഹൈക്കോടതി തള്ളി. മുൻകൂര്‍ ജാമ്യാപേക്ഷയിൽ കോടതി ഇടക്കാല ഉത്തരവുകളൊന്നും പുറപ്പെടുവിച്ചില്ല. വെള്ളിയാഴ്ച രാത്രി വൈകി നടന്ന അടിയന്തര വാദത്തിനൊടുവിൽ ഈ ഘട്ടത്തിൽ ഇടക്കാല ഉത്തരവ് നൽകാൻ കഴിയില്ലെന്ന് ജസ്റ്റിസ് ടി മാധവി ദേവി വ്യക്തമാക്കി. ഉത്തരവ് വരുന്നത് വരെ അറസ്റ്റിൽ നിന്ന് താൽക്കാലിക സംരക്ഷണം നൽകണമെന്ന് പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
മേയ് 8-നാണ് 17 വയസ്സുകാരിയായ പെൺകുട്ടിയെ ഭാഗീരഥ് പീഡിപ്പിച്ചുവെന്ന പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തത്. തുടർന്ന് പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി.
പെൺകുട്ടിയുമായി സൗഹൃദമുണ്ടായിരുന്നതായും അവരുടെ കുടുംബ ചടങ്ങുകളിലും തീർത്ഥാടന യാത്രകളിലും താൻ പങ്കെടുത്തിരുന്നതായും ഭാഗീരഥ് സമ്മതിച്ചിരുന്നു. എന്നാൽ പിന്നീട് പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്നാണ് ഭാഗീരഥിന്റെ ആരോപണം. ഭീഷണിപ്പെടുത്തിയതായി കാണിച്ച് പെൺകുട്ടിയുടെ കുടുംബത്തിനെതിരെ ഭാഗീരഥും കരിംനഗർ പോലീസിൽ പരാതി നൽകി.
ഭയം കാരണം ആദ്യം 50,000 രൂപ നൽകിയെങ്കിലും പിന്നീട് 5 കോടി രൂപ കൂടി ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്തതായും പണം നൽകിയില്ലെങ്കിൽ പെൺകുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭാഗീരഥിന്റെ പരാതിയിൽ പറയുന്നു.
പ്രതിക്ക് യാതൊരുവിധ ആശ്വാസവും നൽകരുതെന്ന് ഇരയുടെ അഭിഭാഷകൻ വാദിച്ചു. പ്രതിയുടെ പിതാവ് ബണ്ടി സഞ്ജയ് കുമാർ സ്വാധീനമുള്ള വ്യക്തിയായതിനാൽ കേസ് അട്ടിമറിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് കോടതിയെ അറിയിച്ചു. ലൈംഗിക ചൂഷണത്തിന് ശേഷം ഭീഷണി പോലുള്ള ആരോപണങ്ങൾ ഉന്നയിക്കയാണ് എന്നും ചൂണ്ടി കാട്ടി. കേസ് ഹണി ട്രാപ് എന്ന് വരുത്തി തീര്‍ക്കാനാണ് പ്രതിഭാഗം ശ്രമം.










0 comments