പോക്‌സോ കേസ് പ്രതി ഷാർജയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ

ചെന്നൈ: തഞ്ചാവൂരിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ കഴിഞ്ഞ രണ്ട് വർഷമായി പൊലീസ് തിരഞ്ഞുക്കൊണ്ടിരുന്ന 45-കാരൻ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് പിടിയിലായി. തഞ്ചാവൂർ സ്വദേശിയായ ഇബ്രാഹിം പക്കിർ മുഹമ്മദാണ് ഷാർജയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇമിഗ്രേഷൻ അധികൃതരുടെ പിടിയിലായത്.
ചൊവ്വാഴ്ച രാത്രി ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിൽ കയറാൻ എത്തിയതായിരുന്നു ഇയാൾ. ഇമിഗ്രേഷൻ വിഭാഗം രേഖകൾ പരിശോധിച്ചപ്പോഴാണ് 2024 മുതൽ ഇയാൾക്കായി ലുക്ക് ഔട്ട് സർക്കുലർ നിലവിലുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളെ വിദേശത്തേക്ക് പോകാൻ അനുവദിക്കാതെ തടഞ്ഞുവെക്കുകയും കൂടുതൽ ചോദ്യം ചെയ്യലിനായി മാറ്റി നിർത്തുകയും ചെയ്തു.
പോക്‌സോ കേസിൽ പ്രതിയായതിന് പിന്നാലെ പ്രതി ഒളിവിൽ പോവുകയായിരുന്നു. ഇയാളെ കണ്ടെത്താൻ തഞ്ചാവൂർ എസ്പി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ് നൽകിയിരുന്നു. ഇമിഗ്രേഷൻ അധികൃതർ അറിയിച്ചതനുസരിച്ച് ബുധനാഴ്ച രാത്രി തഞ്ചാവൂരിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘം ചെന്നൈയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയി കൂടുതൽ നിയമനടപടികൾ സ്വീകരിക്കും.










0 comments