ad
Deshabhimani

രാജ്യസഭാ തെരഞ്ഞെടുപ്പ്

മധ്യപ്രദേശിൽ കൂറുമാറ്റം മുതലെടുക്കാൻ ബിജെപി, എംഎൽഎമാരെ റിസോര്‍ട്ടിൽ അടയ്ക്കാൻ കോൺഗ്രസ്

Rajyasabha
വെബ് ഡെസ്ക്

Published on Jun 09, 2026, 12:53 PM | 2 min read

ഭോപാൽ: ജൂൺ 18-ന് നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് തങ്ങളുടെ എംഎൽഎമാരെ കർണാടകത്തിലേക്ക് മാറ്റുന്നു. സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള മത്സരത്തിൽ ബിജെപി അവരുടെ ഉറപ്പായ സീറ്റിന് പുറമെ അപ്രതീക്ഷിതമായി മൂന്നാമതൊരു സ്ഥാനാർത്ഥിയെക്കൂടി രംഗത്തിറക്കിയതാണ് കോൺഗ്രസ് പക്ഷത്തെ ഞെട്ടിച്ചത്.


ബിജെപി വിവിധ സംസ്ഥാനങ്ങളിലായി തുടര്‍ന്നു വരുന്ന മറുകണ്ടം ചാടിക്കൽ രാഷ്ട്രീയം ഇവിടെയും ആസൂത്രണം ചെയ്യുന്നതായ സൂചനയാണ് റിസോര്‍ടിൽ അടക്കൽ പ്രതിരോധത്തിലേക്ക് കോൺഗ്രസിനെ എത്തിച്ചത്.


230 അംഗങ്ങളുള്ള മധ്യപ്രദേശ് നിയമസഭയിൽ നിലവിലെ സാഹചര്യമനുസരിച്ച് ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ 58 പ്രഥമ മുൻഗണനാ വോട്ടുകളാണ് വേണ്ടത്. സഭയിൽ 164 എംഎൽഎമാരുള്ള ബിജെപിക്ക് രണ്ട് സീറ്റുകളിൽ തങ്ങളുടെ സ്ഥാനാർത്ഥികളായ തരുൺ ചുഗ്, രജനീഷ് അഗർവാൾ എന്നിവരെ സുഖമായി വിജയിപ്പിക്കാം (58 x 2 = 116 വോട്ടുകൾ).


മുൻ എം.പി മീനാക്ഷി നടരാജനെയാണ് കോൺഗ്രസ് മത്സരരംഗത്തിറക്കിയിരിക്കുന്നത്. ജയത്തിന് ആവശ്യമായ 58 വോട്ടുകൾ കോൺഗ്രസിനുണ്ടെങ്കിലും പാർട്ടിയിലെ ആഭ്യന്തര ഭിന്നതകളും അപ്രതീക്ഷിത അട്ടിമറികളും കോൺഗ്രസിന്റെ ആത്മവിശ്വസം തകര്‍ത്തിരിക്കുന്നു. നിലവിൽ കോൺഗ്രസിന് 64 എംഎൽഎമാരുണ്ടെങ്കിലും വോട്ടിംഗ് ദിവസം അത് പൂർണ്ണമായി ലഭിക്കുമോ എന്നതിൽ ആശങ്കയുണ്ട്.സുപ്രീം കോടതി ഉത്തരവ് പ്രകാരം ഒരു കോൺഗ്രസ് എം.എൽ.എയ്ക്ക് വോട്ട് ചെയ്യാൻ അർഹതയില്ല.സാഗർ (ബീന) മണ്ഡലത്തിൽ നിന്നുള്ള നിർമല സപ്രെ കഴിഞ്ഞ കുറച്ചുകാലമായി ബിജെപി വേദികളിൽ സജീവമാണ്.


വോട്ടുകൾ ചോർന്നുപോയാൽ മീനാക്ഷി നടരാജന്റെ വിജയം അപകടത്തിലാകും. 2020-ൽ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ എംഎഎമാർ കൂറുമാറിയതിനെത്തുടർന്ന് കമൽനാഥ് സർക്കാർ വീണ അനുഭവം കോൺഗ്രസിന് മുന്നിലുണ്ട്.


ബിജെപി നീക്കം


നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ചയാണ് മധ്യപ്രദേശ് ഫിഷർമെൻ വെൽഫെയർ ബോർഡ് ചെയർമാനായ മഹേഷ് കേവതിനെ ബിജെപി തങ്ങളുടെ മൂന്നാമത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. രണ്ട് സ്ഥാനാർത്ഥികളെ വിജയിപ്പിച്ച ശേഷവും ബിജെപിക്ക് 48 അധിക വോട്ടുകൾ ബാക്കിയുണ്ട്. മൂന്നാമത്തെ സ്ഥാനാർത്ഥിയായ മഹേഷ് കേവതിന് വിജയിക്കാൻ 10 വോട്ടുകൾ കൂടി അധികമായി കണ്ടെത്തിയാൽ മതി. ഇതിനായി കോൺഗ്രസ് ക്യാമ്പിലെ അതൃപ്തരെയും മറ്റ് ചെറുകിട പാർട്ടി അംഗങ്ങളെയും ബിജെപി ലക്ഷ്യമിടുന്നു.


തിങ്കളാഴ്ച രാത്രി വൈകി പ്രതിപക്ഷ നേതാവ് ഉമാംഗ് സിംഗാറിന്റെ വസതിയിൽ കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി യോഗം ചേർന്നു.

വോട്ടിംഗ് നടക്കുന്ന ജൂൺ 18 വരെ എംഎൽഎമാരെ കോൺഗ്രസ് ഭരിക്കുന്ന ബെംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റാനാണ് തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home