ഇന്ധനവില വര്‍ധിപ്പിക്കാൻ മുന്നൊരുക്കം
കടുത്ത നിയന്ത്രണങ്ങൾക്ക് അരങ്ങൊരുക്കാൻ പ്രധാനമന്ത്രിയുടെ ‘ചെലവുചുരുക്കൽ’ നാടകം

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഉയര്‍ത്തുന്ന വെല്ലുവിളികൾ ഫലപ്രദമായി നേരിടുന്നതിൽ പരാജയപ്പെട്ടതോടെ രാജ്യം കടുത്ത നിയന്ത്രണത്തിലേക്കെന്ന് സൂചന. ചെലവ് ചുരുക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ട് രംഗത്ത് എത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തനിക്കുള്ള സുരക്ഷാ വാഹനവ്യൂഹം പകുതിയായി വെട്ടികുറയ്ക്കാൻ നിര്‍ദ്ദേശം നൽകി. തൊട്ടു പിന്നാലെ ആഭ്യന്തര മന്ത്രി അമിത്ഷായും സമാനമായ നടപടി പ്രഖ്യാപിച്ചു. എന്നാൽ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും സുരക്ഷാസംവിധാനങ്ങൾക്ക് കൃത്യമായ മാർഗനിർദേശം ഉള്ളതിനാൽ ഇതിൽ കുറവ് വരുത്തൽ പ്രായോഗികമായി സാധ്യമല്ല.
യുദ്ധ സാഹചര്യം രാജ്യത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്ന് നേരത്തെ അറിയാമായിരുന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ വെല്ലുവിളി നേരിടാനുള്ള തയാറെടുപ്പുകളും ആസൂത്രണവും നടത്താതെ തുടരുകയായിരുന്നു. ഇതിനിടെ പ്രതിസന്ധി കടുത്തു. പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ അപ്രവചനീയമായി. ഈ അനിശ്ചിതത്വങ്ങൾക്കിടെ ജനങ്ങളോട് ചെലവ് ചുരുക്കാൻ ആവശ്യപ്പെട്ടത് വൻ വിമര്‍ശനവും പ്രതിഷേധവും ക്ഷണിച്ചു വരുത്തി. ഇതോടെയാണ് ചെലവ് ചുരുക്കൽ നാടകത്തിന് സ്വയം തുടക്കമിട്ടിരിക്കുന്നത്.
സുരക്ഷാ വാഹനവ്യൂഹത്തിൽ 50 ശതമാനം കുറവ് വരുത്താനാണ് തീരുമാനം. വാഹനങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കാൻ സുരക്ഷാ ഏജൻസിയായ എസ് പി ജിക്ക് നിര്‍ദ്ദേശം കൈമാറി. കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടു. ഇതിനായി പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് പകരം ഇതര വകുപ്പുകളിൽ നിന്ന് പുനർവിന്യാസം നടത്തുകയണ്. എങ്കിലും, രാജ്യത്തെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ സുരക്ഷയിൽ എസ് പി ജിയുടെ 'ബ്ലൂ ബുക്ക്' അനുശാസിക്കുന്ന മാനദണ്ഡങ്ങൾ മറികടക്കാനാവില്ല.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതും വിദേശ നാണ്യശേഖരത്തിലുണ്ടായ സമ്മർദ്ദവും നേരിടുകയാണ് ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങളോട് ചെലവ് ചുരുക്കാൻ ആവശ്യപ്പെട്ട നരേന്ദ്ര മോദി സ്വര്‍ണ്ണം വാങ്ങിക്കുന്നത് ഒരു വര്‍ഷം നീട്ടിവെക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ ആറിൽ നിന്ന് പതിനഞ്ച് ശതമാനമായി കൂട്ടുകയും ചെയ്തു.
ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകളും വിദേശ വിനോദയാത്രകളും ഒഴിവാക്കാൻ നിര്‍ദ്ദേശിച്ചു. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാനും കഴിയുന്നയിടങ്ങളിൽ 'വർക്ക് ഫ്രം ഹോം' രീതി പിന്തുടരാനും ആഹ്വാനം ചെയ്തു.
ഇനി വരാനുള്ളത് എന്തെന്ന സൂചന
കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന റഷ്യൻ എണ്ണ വാങ്ങിക്കുന്നതിൽ നിന്ന് അമേരിക്കൻ സമ്മര്‍ദ്ദത്തിന് കീഴ്പ്പെട്ട് പിന്നോക്കം പോയത് വലിയ തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെ ഇന്ധന വില വര്‍ധിപ്പിക്കുന്നതിനുള്ള അനുകൂല സാഹചര്യം കാത്തിരിക്കയാണ്. പാചക വാതകത്തിന് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളിൽ 993 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് വിലവര്‍ധന പ്രഖ്യാപിച്ചത്. സ്വകാര്യ എണ്ണ കമ്പനികൾക്കും വില വര്‍ധന അനുവദിച്ച് നൽകി.
ഇപ്പോൾ, യുദ്ധ സാഹചര്യത്തിലെ ആഗോള പ്രതിസന്ധിയുടെ ഭാരം ജനങ്ങളുടെ തലയിൽ ഇടാനുള്ള തയാറെടുപ്പാണ്. ഇന്ത്യയെ പോലുള്ള ബൃഹദ് സമ്പത്തിക ഘടനയുള്ള ഇതര രാജ്യങ്ങൾ ശാസ്ത്രീയമായ ആസൂത്രണവും കരുതലും കൈക്കൊണ്ട് പ്രതിസന്ധി മറികടക്കാൻ സ്വയം പ്രാപ്തി നേടിയപ്പോൾ രാജ്യത്തെ എൻ ഡി എ സര്‍ക്കാര്‍ നിസ്സംഗത പാലിക്കയായിരുന്നു. എണ്ണ ശേഖരത്തിൽ പോലും മുൻകരുതൽ ഉണ്ടായില്ല.
പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും തങ്ങളുടെ വാഹനവ്യൂഹം വെട്ടിക്കുറച്ച് അനുകരണ നാടകം തുടങ്ങിയിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത കാബിനറ്റ് മന്ത്രിമാർക്ക് വാഹന നിയന്ത്രണവും കാർപൂളിംഗും നിർബന്ധമാക്കി. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയതായി പറഞ്ഞു.രാജസ്ഥാനിൽ ഭജൻ ലാൽ ശർമ്മയും ഉത്തര്‍ പ്രദേശിൽ യോഗി ആദിത്യനാഥും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വാഹന ഉപയോഗത്തിൽ 50% നിയന്ത്രണം ഏർപ്പെടുത്തുന്നതായി പറഞ്ഞു. സര്‍ക്കാര്‍ തലത്തിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് സാധാരണ പൗരൻമാരുടെ ചുമലിലേക്ക് ഭാരം കൈമാറി രാജ്യം നേരിടുന്ന സാമ്പത്തിക ആഘാതം കുറയ്ക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 120 ഡോളറിന് മുകളിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് മുകളിലായി തുടരുകയുമാണ്. ഇന്ത്യയിലെ എണ്ണക്കമ്പനികൾ മാസത്തിൽ ഏകദേശം 30,000 കോടി രൂപയുടെ നഷ്ടം നേരിടുന്നതായി സൂചിപ്പിക്കുന്നു. ഇത് നേരിടാൻ മാർച്ച് മാസത്തിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതം എക്സൈസ് ഡ്യൂട്ടി കുറച്ചു നൽകിയിരുന്നു. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ഇന്ധനം ആഭ്യന്തര വിപണിയിൽ തന്നെ ലഭ്യമാണെന്ന് ഉറപ്പാക്കാൻ ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ കയറ്റുമതിയിൽ പ്രത്യേക നികുതി ഏർപ്പെടുത്തിയിട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷം തുടരുന്നിടത്തോളം കാലം ഇന്ധനവിലയിലെ അനിശ്ചിതത്വം നിലനിൽക്കും. ഈ പശ്ചാത്തലത്തിൽ, മെയ് 15-ന് ശേഷം പെട്രോളിനും ഡീസലിനും ലിറ്ററിന് 4 മുതൽ 5 രൂപ വരെ വർധന ഉണ്ടായേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.










0 comments