രാജ്യത്തെ തകർക്കുന്ന വിലക്കയറ്റം: കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

ന്യൂഡൽഹി: രാജ്യത്ത് ജനജീവിതം ദുസ്സഹമാക്കുന്ന കടുത്ത വിലക്കയറ്റത്തിലും ഇന്ധനവില വർദ്ധനവിലും നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ആഗോളതലത്തിലെ യുദ്ധസാഹചര്യങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്നും എന്നാൽ ഇതിൽ ഫലപ്രദമായി ഇടപെടുന്നതിൽ കേന്ദ്ര സർക്കാർ പൂർണ്ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പരമാധികാരം അമേരിക്കയ്ക്ക് അടിയറവ് വയ്ക്കുന്ന നയമാണ് മോദി സർക്കാർ സ്വീകരിക്കുന്നത്. ഡീസലിന്റെയും പെട്രോളിന്റെയും വില ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. കോർപ്പറേറ്റുകളെ സഹായിക്കുന്ന കേന്ദ്ര നയങ്ങളാണ് ജനങ്ങളെ ദ്രോഹിക്കുന്ന ഈ വിലക്കയറ്റത്തിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് പരാജയത്തോടെ ഇടതുപക്ഷം ഇല്ലാതായി എന്ന് പ്രചരിപ്പിക്കുന്നവർ അധികം ആഹ്ലാദിക്കേണ്ടതില്ലെന്ന് പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. പരാജയം എല്ലാത്തിന്റെയും അവസാനമല്ല. മുൻപ് എകെ ആന്റണി അധികാരത്തിൽ ഇരുന്നപ്പോഴും ഇനി ഇടതുപക്ഷം ജയിക്കില്ലെന്ന തരത്തിൽ കടുത്ത പ്രചാരണങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ ഇടതുപക്ഷം ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ശക്തമായി തിരിച്ചുവന്ന ചരിത്രമാണ് ഉള്ളത്. ഇത്തവണ ജനങ്ങൾ എന്തുകൊണ്ട് മാറ്റിനിർത്തി എന്നതിന്റെ കാരണങ്ങൾ പാർട്ടി ആഴത്തിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവർത്തിക്കുക എന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്.
ജനങ്ങൾക്ക് പ്രയോജനമാകുന്ന കേന്ദ്ര സർക്കാർ നിലപാടുകളെ പിന്തുണയ്ക്കുമെന്നും, എന്നാൽ ജനവിരുദ്ധ നയങ്ങളെ വിട്ടുവീഴ്ചയില്ലാതെ ശക്തമായി എതിർക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. പാർട്ടി ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുമെന്നും തെറ്റുകുറ്റങ്ങൾ തിരുത്തി ഇടതുപക്ഷം ജനവിശ്വാസം വീണ്ടെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










0 comments