'അവർ പീഡിപ്പിക്കപ്പെടുകയാണ്': കിർഗിസ്ഥാനിൽ കുടുങ്ങിയ യുപി തൊഴിലാളികളുടെ കുടുംബം

ഫോട്ടോ: എഎഫ്പി
പിലിഭിത്: കിർഗിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട 12 തൊഴിലാളികളുടെ വിഷയം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സംസ്ഥാന ആഭ്യന്തര വകുപ്പിന് സമർപ്പിച്ചതായി പിൽഭിത് ജില്ലാ ഭരണകൂടം അറിയിച്ചു. യുപിയിലെ പിലിഭിതിൽ നിന്നുള്ള തൊഴിലാളികൾ പീഡനം നേരിടുന്നതായാണ് റിപ്പോർട്ടുകൾ. പ്രാദേശിക റിക്രൂട്ട്‌മെന്റ് ഏജൻസി നടത്തുന്ന ഏജന്റുമാർ മൂന്ന് മാസം മുമ്പാണ് ഇവരെ കിർഗിസ്ഥാനിലേക്ക് അയച്ചതെന്ന് കുടുംബങ്ങൾ പറഞ്ഞു.
രവി കുമാർ, അജയ്, ചന്ദ്രപാൽ, സന്തറാം, രോഹിത്, രമേശ്, ഹർസ്വരൂപ്, ശ്യാംചരൺ, സഞ്ജീവ്, പ്രേംപാൽ, രാമസാരെ, ഹരിശങ്കർ എന്നിവരാണ് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾ. ഓരോ തൊഴിലാളിയും ഏകദേശം 2.5 ലക്ഷം രൂപ വീതം നൽകിയാണ് പോയതെന്നും, 'തെറ്റിദ്ധരിപ്പിക്കുന്ന കരാറുകളോടെ' 59 ദിവസത്തെ വിസയിലാണ് ഇവരെ അയച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു.
തൊഴിലാളികളെ വിവിധ നഗരങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിക്കുന്നു, ശരിയായ ഭക്ഷണം നിഷേധിക്കുന്നു, തിരിച്ചുവരുന്നത് തടയുന്നു എന്നും കുടുംബങ്ങൾ പറയുന്നു. കൂടാതെ, ഇവരെ മർദിക്കുകയും "മൃഗങ്ങളേക്കാൾ മോശമായി" പരിഗണിക്കുകയും ചെയ്യുന്നുണ്ടെന്നും അവർ ആരോപിച്ചു.
ആഭ്യന്തര വകുപ്പ് വിവരങ്ങൾ തേടുകയും പൊലീസ് സൂപ്രണ്ടിനോട് അന്വേഷണം നടത്താൻ നിർദേശിക്കുകയും ചെയ്തതിനെത്തുടർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ജ്ഞാനേന്ദ്ര സിംഗ് പറഞ്ഞു. "കിർഗിസ്ഥാനിൽ കുടുങ്ങിയ 12 പേരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇത് അവരുടെ സുരക്ഷിതമായ തിരിച്ചുവരവിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ സഹായകമാകും," ഡിഎം വ്യക്തമാക്കി.
തൊഴിലാളികൾ വിദേശത്ത് വെച്ച് ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്നുണ്ടെന്നും, ഇവരെ തിരിച്ചെത്തിക്കുന്നതിനായി പ്രാദേശിക ഏജന്റുമാർ 2 ലക്ഷം രൂപ വരെ ആവശ്യപ്പെടുന്നുണ്ടെന്നും കുടുങ്ങിയവരുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. രക്ഷിക്കണമെന്ന് അപേക്ഷിച്ച് തൊഴിലാളികൾ കുടുംബാംഗങ്ങൾക്ക് വീഡിയോ സന്ദേശങ്ങളും അയച്ചിരുന്നു. സഹായം അഭ്യർഥിച്ച് ബന്ധുക്കൾ പോലീസിനെയും ഭരണകൂട ഉദ്യോഗസ്ഥരെയും പതിവായി സമീപിക്കുന്നുണ്ടായിരുന്നു. ഈ ആഴ്ചയുടെ ആദ്യം ഇവർ ഡിഎം സിംഗിനെയും എസ്പി അഭിഷേക് യാദവിനെയും കണ്ട് സഹായമാവശ്യപ്പെടുകയായിരുന്നു.









0 comments