print edition കീടനാശിനി ബിൽ ; കര്‍ഷകരുടെ ആശങ്കയ്ക്ക് ഉത്തരമില്ല

ന്യൂഡൽഹി
കീടനാശിനി ഉൽപ്പാദനം, ഇറക്കുമതി, വിൽപ്പന, ഉപയോഗം തുടങ്ങിയവ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പെസ്‌റ്റിസൈഡ്‌സ് മാനേജ്‌മെന്റ് ബില്ലിൽ ആശങ്ക ശക്തം. 2020ൽ പകർപ്പ് പുറത്തുവന്നപ്പോൾ കർഷകരും വിദഗ്‌ധരും സർക്കാരേതര സംഘടനകളും ഉന്നയിച്ച പരാതിക്ക് പുതിയ കരടിലും പരിഹാരമില്ല. സംസ്ഥാനങ്ങൾക്ക് നിയന്ത്രണവും വിലക്കും ഏർപ്പെടുത്താനുള്ള അധികാരം, വില നിയന്ത്രണം, പരാതി പരിഹാരം, നഷ്ടപരിഹാരം തുടങ്ങിയവയിൽ പുതിയ ബില്ലിൽ വ്യവസ്ഥയില്ല.
‘കീടങ്ങൾ ഒഴിച്ചുള്ള ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും കീടനാശിനികൾ കാരണമുള്ള വെല്ലുവിളി പരമാവധി കുറയ്‌ക്കാൻ ശ്രമിക്കും’– എന്ന അവകാശവാദമല്ലാതെ അതിനുള്ള വ്യവസ്ഥമില്ല. മായം ചേർത്തതും നിലവാരം കുറഞ്ഞതുമായ കീടനാശിനികളാണ് മൊത്തം വിപണിയുടെ 25– 30 ശതമാനം. ഇതിനെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ്‌സിങ് ചൗഹാൻ ഉറപ്പുനൽകിയിരുന്നു. അതുമുണ്ടായില്ല. ഹ്രസ്വകാലം വിൽപ്പനയും വിതരണവും തടയാനും പിഴ ചുമത്താനുമുള്ള അധികാരമാണ് സംസ്ഥാനങ്ങൾക്കുള്ളത്. ശിക്ഷിക്കാനുള്ള അധികാരം നൽകാത്തത് വ്യാജ കീടനാശിനി ലോബിയെ സാഹായിക്കാനാണെന്ന് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു.
കൃഷി ആവശ്യത്തിനല്ലാതെ കീടനാശിനി ഉപയോഗിക്കുന്നവർക്ക് എതിരെ ‘ക്രിമിനൽകുറ്റം’ ചുമത്തുന്നതിലും നടപടിയില്ല. 1968ലെ കീടനാശിനി നിയമം കാലഹരണപ്പെട്ട സാഹചര്യത്തിൽ പുതിയ നിയമം വേണമെന്ന ആവശ്യം ദീർഘനാളായി നിലവിലുണ്ട്. എന്നാൽ, പുതിയ ബില്ലിലും കർഷകരുടെയും പൊതുസമൂഹത്തിന്റെയും ആശങ്ക പരിഹരിക്കാനുള്ള വ്യവസ്ഥകളില്ല.










0 comments