ജനം വീടില്ലാതെ ബുദ്ധിമുട്ടുമ്പോഴാണോ സൈക്കിൾ ട്രാക്ക് വേണ്ടത്? രാജ്യത്താകെ സൈക്കിൾ പാത നിർമിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി

ന്യൂഡൽഹി : രാജ്യത്തെ നിരവധി ജനങ്ങൾ ശുദ്ധജലവും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ബുദ്ധിമുട്ടുമ്പോഴാണോ സൈക്കിൾ പാത നിർമിക്കണമെന്ന ആവശ്യവുമായി എത്തുന്നതെന്ന് സുപ്രീംകോടതി. രാജ്യത്താകമാനം സൈക്കിൾ പാത നിർമിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ജനങ്ങൾക്ക് എല്ലാം വീടും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകാനുള്ള പണം സംസ്ഥാനങ്ങൾക്ക് ഇല്ല. ചേരികളിലെ ജനങ്ങൾ ശുദ്ധജലമില്ലാതെ ബുദ്ധിമുട്ടുകയാണ്. ഈ സമയത്താണോ സൈക്കിൾ പാതകൾ നിർമിക്കുന്നതിനെപ്പറ്റി സ്വപ്നം കാണുന്നത്- സുപ്രീംകോടതി ചോദിച്ചു.
ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, ഉജ്ജൽ ഭുയാൻ എന്നിവരാണ് ഹർജി പരിഗണിച്ചത്. അടിയന്തിരമായി ശ്രദ്ധിക്കേണ്ട വിഷയങ്ങളിൽ കൂടുതൽ ഊന്നൽ നൽകണമെന്ന് ഹർജിക്കാരോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. നമ്മുടെ മുൻഗണനകൾ തെറ്റായ രീതിയിലേക്കാണ് പോകുന്നത്. അതിനെ ശരിയായ രീതിയിലേക്ക് മാറ്റണം. ഭരണഘടനയിലെ ആർട്ടിക്കിൾ 21നെപ്പറ്റി നാം കൂടുതൽ ചിന്തിക്കണം. ജനങ്ങൾക്ക് കുടിക്കാൻ ശുദ്ധജലമില്ല, സ്കൂളുകളടക്കം അടച്ചു പൂട്ടുകയാണ്. ഈ സമയത്ത് നിങ്ങൾക്ക് സൈക്കിൾ പാതകളാണോ വേണ്ടത്- കോടതി ചോദിച്ചു.
നിരവധി സംസ്ഥാനങ്ങളിൽ സൈക്കിൾ ട്രാക്കുകൾ ഉണ്ടെന്നും അതിനാൽ രാജ്യവ്യാപകമായി സൈക്കിൾ ട്രാക്കുകൾ നിർമിക്കണമെന്നും ആവശ്യപ്പെട്ട് സൈക്ലിംഗ് പ്രൊമോട്ടർ ദേവീന്ദർ സിംഗ് നാഗിയാണ് കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. തിരഞ്ഞെടുത്ത നഗരങ്ങളിലും പട്ടണങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്ന അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ സ്കീമിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം ഉന്നയിച്ചതെന്ന് ഹർജിക്കാരൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.










0 comments