'ഭരണഘടനയും ഭഗവത്ഗീതയും ഒന്ന്': വിവാദ പരാമർശവുമായി പവൻ കല്യാൺ

ഉഡുപ്പി: ഇന്ത്യൻ ഭരണഘടനയും ഭഗവദ് ഗീതയും ഒന്നാണെന്ന വിവാദ പരാമർശവുമായി ജനസേന പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ. കർണാടകയിലെ ഉഡുപ്പിയിലുള്ള ശ്രീകൃഷ്ണ മഠത്തിൽ വെച്ച് നടന്ന ഗീതോത്സവ പരിപാടിയിൽ സംസാരിക്കവെയാണ്, പവൻ കല്യാൺ ഭഗവദ്ഗീതയെ "യഥാർത്ഥ കൈയെഴുത്ത് ഭരണഘടന" എന്ന് വിശേഷിപ്പിച്ചത്. വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് ഈ പ്രസ്താവന തിരികൊളുത്തിയിരിക്കുന്നത്.
"ചിലർ ധർമ്മവും ഭരണഘടനയും വ്യത്യസ്ത ലോകങ്ങളുടേതാണെന്ന് കരുതുന്നു, പക്ഷേ അത് അങ്ങനെയല്ല. ധർമ്മം ഒരു ധാർമ്മിക കോമ്പസാണ്, ഭരണഘടന ഒരു നിയമപരമായ കോമ്പസാണ്. രണ്ടും നീതിയുക്തവും സമാധാനപരവും കാരുണ്യപൂർണ്ണവുമായ ഒരു സമൂഹത്തെയാണ് ലക്ഷ്യമിടുന്നത്," അദ്ദേഹം പറഞ്ഞു.
ഭരണഘടന മനസ്സിലാക്കാത്ത സെലിബ്രിറ്റികൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നുവെന്ന് പറഞ്ഞുകൊണ്ട് മുതിർന്ന കോൺഗ്രസ് നേതാവ് ബി കെ ഹരിപ്രസാദ് പവൻ കല്യാണിനെതിരെ ആഞ്ഞടിച്ചു. "ഭരണഘടന മതേതരമാണ്; അതിൽ ധർമ്മത്തിനല്ല സ്ഥാനം" അദ്ദേഹം പറഞ്ഞു.
കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയും കല്യാണിനെ വിമർശിച്ചു, നിയമത്തെയും ധർമ്മത്തെയും കുറിച്ച് അദ്ദേഹത്തിന് ധാരണയില്ലെന്ന് പറഞ്ഞു. ഭരണഘടനയ്ക്കും ധർമ്മത്തിനും ഒന്നാകാൻ കഴിയില്ല ഖാർഗെ അഭിപ്രായപ്പെട്ടു.










0 comments