യുപിയിൽ തടവിലായ മലയാളി പാസ്റ്ററുടെ ജാമ്യാപേക്ഷ ഇന്ന്; കുടുംബത്തിന് പിന്തുണയുമായി കേരളം

കാൺപൂർ: മതപരിവർത്തനം ആരോപിച്ച് ഉത്തർപ്രദേശിൽ ജയിലിലടച്ച മലയാളി പാസ്റ്റർ ആൽബിന്റെ ജാമ്യാപേക്ഷ ഇന്ന് സെഷൻസ് കോടതി പരിഗണിക്കും. ബജ്‌റംഗ്ദൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അതീവ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കാൺപൂർ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ ആൽബിൻ കാൺപൂർ നവരംഗയിലെ ബേഥേസ്ഥാ ഭവനിൽ താമസിച്ച് സുവിശേഷ പ്രവർത്തനം നടത്തിവരികയായിരുന്നു. കഴിഞ്ഞ പതിമൂന്നിനാണ് പൊലീസും ബജ്‌റംഗ്ദൾ പ്രവർത്തകരും ചേർന്ന് ആൽബിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്തത്.
വീട് കേന്ദ്രീകരിച്ച് പള്ളി നിർമ്മിച്ചെന്നും അവിടെ മതപരിവർത്തനം നടത്തിയെന്നുമാണ് പൊലീസ് ആരോപണം. എന്നാൽ, പ്രദേശത്തെ ക്രമസമാധാനം തകർക്കാൻ ശ്രമിച്ചെന്നും പ്രതിഷേധക്കാരെ ആക്രമിച്ചെന്നും കാട്ടി പൊലീസ് എഫ്‌ഐആറിൽ കടുത്ത കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ആൽബിന്റെ മോചനത്തിനായി കേരള സർക്കാർ സജീവമായി ഇടപെടുന്നുണ്ട്.
കഴിഞ്ഞദിവസം മന്ത്രി ജി.ആർ അനിൽ ആൽബിന്റെ വട്ടപ്പാറയിലെ വീട് സന്ദർശിക്കുകയും കുടുംബത്തിന് എല്ലാവിധ നിയമസഹായങ്ങളും ഉറപ്പുനൽകുകയും ചെയ്തിരുന്നു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും യുപി സർക്കാരുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രി അറിയിച്ചു.
എഫ്‌ഐആർ പകർപ്പ് നൽകാൻ പൊലീസ് വിസമ്മതിക്കുന്നുവെന്ന് കാട്ടി ആൽബിന്റെ സഹോദരൻ പരാതി നൽകിയിട്ടുണ്ട്. ഇന്ന് ജയിലിൽ കഴിയുന്ന ആൽബിനെ സഹപ്രവർത്തകരായ പാസ്റ്റർമാർ സന്ദർശിക്കുമെന്നാണ് വിവരം.










0 comments