യാത്രക്കാർക്ക് നാലിരട്ടി നഷ്‌ടപരിഹാരം, ഡിജിസിഎയ്‌ക്കെതിരെ അന്വേഷണം വേണം; ഹർജി ഇന്ന് പരിഗണിക്കും


സ്വന്തം ലേഖകൻ
Published on Dec 17, 2025, 07:27 AM | 1 min read
ന്യൂഡൽഹി : ലക്ഷക്കണക്കിന് യാത്രക്കാരെ വിമാനത്താവളങ്ങളിൽ വഴിയാധാരമാക്കിയ ഇൻഡിഗോ പ്രതിസന്ധിയിൽ കടുത്ത നടപടികൾ ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി ബുധനാഴ്‌ച പരിഗണിക്കും. യാത്രക്കാർക്ക് നാലിരട്ടി നഷ്‌ടപരിഹാരം നൽകണം, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെതിരെ (ഡിജിസിഎ) അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയാണ് ചീഫ് ജസ്‌റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായയുടെ ബെഞ്ച് പരിഗണിക്കുക. സെന്റർ ഫോർ അക്കൗണ്ടബിലിറ്റി ആൻഡ് സിസ്റ്റമിക് ചേഞ്ച് (സിഎഎസ്‌സി) ആണ് ഹർജിക്കാർ.
അയ്യായിരത്തോളം വിമാനങ്ങൾ റദ്ദാക്കപ്പെട്ടു. പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി (എഫ്ഡിടിഎൽ) പാലിക്കുന്നതിൽ ഇൻഡിഗോ പരാജയപ്പെട്ടതാണ് കാരണം. 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം വിമാനക്കമ്പനിക്കെതിരെ കേന്ദ്രസർക്കാർ കേസ് എടുക്കണം. ഡിജിസിഎ കടമനിർവഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഹർജിയിൽ പറഞ്ഞു. എഫ്ഡിടിഎൽ നടപ്പാക്കുന്നതിൽ വെള്ളംചേർക്കൽ നടന്നുവെന്നാരോപിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് നൽകിയ ഹർജിയിൽ മറ്റൊരു ബെഞ്ച് ചൊവ്വാഴ്‌ച നോട്ടീസ് അയച്ചിട്ടുണ്ട്. ഡിജിസിഎയ്‌ക്ക് നോട്ടീസ് അയച്ച ജസ്‌റ്റിസ് അമിത് ശർമയുടെ ബെഞ്ച് കേസ് അടുത്തവർഷം ഏപ്രിലിലേയ്‌ക്ക് മാറ്റി. ഇൻഡിഗോയ്‌ക്ക് നൽകിയ ചട്ടവിരുദ്ധമായ ഇളവ് പ്രതിസന്ധി സൃഷ്‌ടിക്കുമെന്ന് പൈലറ്റുമാരുടെ സംഘടന നവംബറിൽ നൽകിയ ഹർജിയിൽ മുന്നറിയിപ്പ് നൽകിയിരുന്നതാണ്.










0 comments