print edition ഒളിച്ചോടി കേന്ദ്രം; പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം വെട്ടിച്ചുരുക്കി

ന്യൂഡൽഹി: കീഴ്‌വഴങ്ങൾക്ക് വിരുദ്ധമായി പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഏറ്റവും കുറഞ്ഞ ദിവസങ്ങൾ മാത്രമാക്കി വെട്ടിക്കുറച്ച മോദി സർക്കാരിന്റെ നടപടിയിൽ രൂക്ഷ വിമർശം. കേന്ദ്രമന്ത്രിസഭയുടെ ശുപാർശ പ്രകാരം ഡിസംബർ ഒന്നുമുതൽ 19വരെ സമ്മേളനം ചേരാനാണ് രാഷ്‌ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയത്. അവധികൾ ഒഴിവാക്കിയാൽ കേവലം 15 ദിവസം മാത്രമായിരിക്കും പാർലമെന്റ് സമ്മേളനം നടക്കുക. മുൻവർഷങ്ങളിൽ ഒരുമാസത്തോളം ദൈർഘ്യമുണ്ടായിരുന്നു. പ്രധാന വിഷയങ്ങളിൽ ചർച്ച നടത്താതെ ഒളിച്ചോടാനുള്ള കേന്ദ്രസർക്കാരിന്റെ കുറുക്കുവഴി പാർലമെന്റ് സംവിധാനത്തെ പരിഹസിക്കുന്നതാണെന്ന് പ്രതിപക്ഷ പാർടികൾ ചൂണ്ടിക്കാട്ടുന്നു.
അസാധാരണമായി വൈകിപ്പിച്ചും വെട്ടിച്ചുരുക്കിയുമാണ് സമ്മേളനം പ്രഖ്യാപിച്ചതെന്ന് കോൺഗ്രസ് വിമർശിച്ചു.15 ദിവസം മാത്രമാണ് സഭ ചേരാനാവുക. എന്ത് സന്ദേശമാണ് കേന്ദ്രം നൽകുന്നത്. സർക്കാരിന് സഭയിൽ ഒന്നും ചെയ്യാനില്ല. പാസാക്കാൻ ബില്ലകളില്ല. ഒരു ചർച്ചയും അനുവദിക്കേണ്ടതില്ല– കോൺഗ്രസ് വക്താവ് ജയ്‌റാം രമേശ് പറഞ്ഞു.
‘പാർലമെന്റ്- ഫോബിയ’ ആണ് കേന്ദ്രസർക്കാരിനെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയൻ പറഞ്ഞു. ആഗസ്‌ത് 21ന് അവസാനിച്ച വർഷകാല സമ്മേളനത്തിൽ ഓപ്പറേഷൻ സിന്ദൂർ, ബിഹാറിലെ വോട്ടർപ്പട്ടികയുടെ തീവ്ര പുനഃപരിശോധന തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെ പ്രതിപക്ഷം പ്രതിസന്ധിയിലാക്കിയിരുന്നു. എസ്‌ഐആർ വിഷയം, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്‌താവനകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം എന്നിവ പ്രതിപക്ഷം ആയുധമാക്കും.









0 comments