സുപ്രധാന വിഷയങ്ങൾ ചർച്ചയ്‌ക്കെടുത്തില്ല
print edition പാർലമെന്റ് പിരിഞ്ഞു ; തിരശ്ശീല വീണത് ജനദ്രോഹനിയമങ്ങള്‍ ചുട്ടെടുത്ത സമ്മേളനത്തിന്

എം പ്രശാന്ത്
Published on Dec 20, 2025, 02:00 AM | 2 min read
ന്യൂഡൽഹി
ജനദ്രോഹ നിയമനിർമാണങ്ങളാൽ ചരിത്രത്തിൽ ഇടംപിടിച്ചാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തിരശീല വീണത്. തീവ്രവർഗീയതയ്‌ക്കൊപ്പം കോർപറേറ്റ് അനുകൂല സാമ്പത്തികനയങ്ങളെകൂടി ചേർത്തുപിടിക്കുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ അങ്ങേയറ്റം അപകടം നിറഞ്ഞ ഇരട്ടമുഖം സമ്മേളനത്തിൽ തെളിഞ്ഞു. ഇന്ത്യയുടെ വിപുലമായ ഇൻഷുറൻസ് മേഖല വിദേശ കുത്തകകൾക്കായി തുറന്നിട്ടു. തന്ത്രപ്രധാനമായ ആണവോർജ മേഖലയെകൂടി സ്വകാര്യവൽക്കരിച്ചു. രാജ്യത്തെ ഗ്രാമീണ ജനങ്ങളെയാകെ ഒരു പരിധിവരെ പട്ടിണിയിൽനിന്ന് സംരക്ഷിച്ചുനിർത്തിയിരുന്ന തൊഴിലുറപ്പ് പദ്ധതിയെകൂടി ഇല്ലാതാക്കിയാണ് സമ്മേളനം അവസാനിച്ചത്.
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്ക് പിന്നിൽ രണ്ട് ലക്ഷ്യമുണ്ട്. ഒന്ന് പദ്ധതിയുടെ പകുതിയോളം സാമ്പത്തികഭാരം സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുക. രണ്ട്, പദ്ധതിയിൽനിന്ന് മഹാത്‌മാഗാന്ധിയുടെ പേര് നീക്കുക. തൊഴിലുറപ്പിന് പകരമായുള്ള പുതിയ കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് രാമന്റെ പേരിട്ട് മറ്റൊരു വർഗീയ ധ്രുവീകരണ നീക്കത്തിനും സർക്കാർ തുടക്കമിട്ടു. സംസ്ഥാനങ്ങൾകൂടി ചെലവുവഹിക്കേണ്ട കേന്ദ്രാവിഷ്‌കൃത പദ്ധതിയാക്കി തൊഴിലുറപ്പിനെ മാറ്റുകവഴി പ്രതിവർഷം 35000 കോടി രൂപയുടെ സാമ്പത്തികനേട്ടം കേന്ദ്രത്തിനുണ്ടാകും. തൊഴിലുറപ്പിനെ നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കണമെന്ന് പ്രതിപക്ഷ പാർടികൾ ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് നിലവിലെ പദ്ധതിതന്നെ തകര്‍ക്കുന്നത്. ആണവോർജ മേഖലയെ സ്വകാര്യവൽക്കരിച്ചത് നിലവിൽ ഉൗർജ മേഖലയിലെ കുത്തകകളായ റിലയൻസിനും അദാനിക്കും മറ്റും നേട്ടമുണ്ടാക്കും. ഒപ്പം യുഎസ് അടക്കമുള്ള വിദേശരാജ്യങ്ങളിലെ റിയാക്ടർ നിർമാണക്കമ്പനികൾക്കും കൊള്ളലാഭത്തിന് വഴിയൊരുങ്ങും.
എൽഐസി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സ്വാധീനമുണ്ടായിരുന്ന ഇൻഷുറൻസ് മേഖലയിലേക്ക് നൂറുശതമാനം എഫ്‌ഡിഐ അനുവദിച്ചതും ഇന്ത്യയുടെ സാമ്പത്തിക പരമാധികാരത്തെ അപകടത്തിലാക്കും. ലാഭം മാത്രം ലക്ഷ്യം വയ്‌ക്കുന്നതിനാൽ വൻകിട ഉപയോക്താക്കൾക്ക് മാത്രമാകും വിദേശ– സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ പരിഗണന നൽകുക.
ബിഹാർ തെരഞ്ഞെടുപ്പ് വിജയം നൽകിയ അമിത ആത്മവിശ്വാസമാണ് ഇത്രയേറെ ജനദ്രോഹ നടപടികളിലേക്ക് വേഗത്തിൽ കടക്കാൻ മോദി സർക്കാരിന് ധൈര്യമേകിയത്. സർക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഇടതുപക്ഷ പാർടികൾ ആഹ്വാനം നൽകിയിട്ടുണ്ട്. യോജിച്ച പ്രക്ഷോഭിത്തിലേക്ക് പ്രതിപക്ഷ പാർടികൾ നീങ്ങിയാൽ മോദി സർക്കാരിന് വെല്ലുവിളിയായി മാറും.
സുപ്രധാന വിഷയങ്ങൾ ചർച്ചയ്‌ക്കെടുത്തില്ല
പാർലമന്റിന്റെ ശീതകാല സമ്മേളനത്തിൽ തൊഴിലാളിദ്രോഹ ലേബർ കോഡുകളുടെ അടിച്ചേൽപ്പിക്കൽ, ഡൽഹി ചാവേർ കാർബോംബാക്രമണം, ഉത്തരേന്ത്യയിലെ വായു മലിനീകരണം, ഇന്ത്യാ– യുഎസ് വ്യാപാര കരാർ ചർച്ചകൾ തുടങ്ങി സുപ്രധാന വിഷയങ്ങളിൽനിന്നെല്ലാം മോദി സർക്കാർ ഒളിച്ചോടി. ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയ്യാറെന്നായിരുന്നു സമ്മേളനത്തിന് മുമ്പ് സർക്കാർ അവകാശപ്പെട്ടത്. ആദ്യ നാലുദിവസം ഇരുസഭയും സ്‌തംഭിപ്പിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തിനുശേഷമാണ് എസ്‌ഐആർ വിഷയത്തിൽ പോലും ചർച്ചയ്‌ക്ക് സന്നദ്ധമായത്.
വന്ദേമാതരത്തിന്റെ 150–ാം വാർഷികം മുൻനിർത്തിയുള്ള പ്രത്യേക ചർച്ചയെന്ന മുന്നുപാധിയോടെയാണ് എസ്‌ഐആർ വിഷയത്തിൽ സർക്കാർ ചർച്ചയ്‌ക്ക് സമ്മതിച്ചത്. വന്ദേമാതരത്തെയും വർഗീയധ്രുവീകരണത്തിനുള്ള ഉപകരണമാക്കി ബംഗാൾ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായിരുന്നു ബിജെപി പദ്ധതി. എന്നാൽ ബങ്കിം ചന്ദ്ര ചാറ്റർജിയെ ബങ്കിംദാ എന്ന് മോദി സംബോധന ചെയ്‌തതോടെ ബിജെപിയുടെ കുൽസിത നീക്കം പാളി. ബങ്കിം ബാബു എന്ന സംബോധനയ്‌ക്ക് പകരം ബങ്കിംദായെന്ന മോദിയുടെ വിളി ബംഗാളിൽ രാഷ്ട്രീയവിവാദമായി മാറി.
കോർപറേറ്റ് അനുകൂല ബില്ലുകളും തൊഴിലുറപ്പ് അട്ടിമറിച്ചുള്ള ബില്ലും സമ്മേളനത്തിന്റെ അവസാന ആഴ്‌ച സർക്കാർ തിരക്കിട്ട് കൊണ്ടുവരികയായിരുന്നു. ലോക്‌സഭയിലും രാജ്യസഭയിലും രാത്രി വൈകിയും ചർച്ച നീട്ടിയാണ് തൊഴിലുറപ്പിന് പകരമുള്ള ബില്ല് ഏകപക്ഷീയമായി പാസാക്കിയത്.










0 comments