വന്ദേമാതരം പ്രത്യേക ചർച്ചയക്കുശേഷമെ പരിഗണിക്കൂവെന്ന് ശാഠ്യം
print edition പാർലമെന്റിൽ പ്രതിഷേധം ; വിവാദ എസ്‌ഐആറിൽ ചർച്ചയ്‌ക്ക് വഴങ്ങി കേന്ദ്രം

എസ്ഐആറിനെതിരെ പ്രതിപക്ഷ പാർടി എംപിമാർ പാർലമെന്റിന് പുറത്ത് നടത്തിയ പ്രതിഷേധം
എം പ്രശാന്ത്
Published on Dec 03, 2025, 02:55 AM | 1 min read
ന്യൂഡൽഹി
കേന്ദ്രസർക്കാർ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് കമീഷൻ ഏകപക്ഷീയമായി നടപ്പാക്കുന്ന വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ)യിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ രണ്ടാം ദിവസവും ലോക്‌സഭ സ്‌തംഭിച്ചു. രാജ്യസഭാ നടപടികളും പലവട്ടം തടസ്സപ്പെട്ടു. തിടുക്കത്തിലുള്ള എസ്‌ഐആർ പ്രക്രിയ സൃഷ്‌ടിക്കുന്ന സമ്മർദത്താൽ പലയിടത്തും ബിഎൽഒമാർ ജീവനൊടുക്കിയ സാഹചര്യത്തിൽ അടിയന്തര ചർച്ച വേണമെന്നാണ് പ്രതിപക്ഷ നിലപാട്. വിട്ടുവീഴ്‌ചയില്ലാത്ത പ്രതിഷേധം തുടർന്നതോടെ കേന്ദ്രം ചർച്ചയ്‌ക്ക് തയ്യാറായി. അപ്പോഴും, വന്ദേമാതരത്തിന്റെ 150–ാം വാർഷികം മുൻനിർത്തിയുള്ള പ്രത്യേക ചർച്ചയ്‌ക്ക് ശേഷമേ എസ്‌ഐആർ വിഷയം പരിഗണിക്കാനാകൂവെന്ന പിടിവാശിയിലാണ്. വന്ദേമാതരം ചർച്ച തിങ്കളാഴ്‌ചയും എസ്‌ഐആർ ചർച്ച ചൊവ്വാഴ്‌ചയും നിശ്ചയിച്ചതായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.
കീഴ്‌വഴക്കങ്ങൾക്ക് വിരുദ്ധമായി വെട്ടിച്ചുരുക്കിയ ശീതകാലസമ്മേളനം സമാധാനപരമായി കൊണ്ടുപോകാൻ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കുന്ന സമീപനമാണ് സർക്കാരിന്റേത്. എസ്‌ഐആർ ഉൾപ്പെടെ ഏത് വിഷയത്തിലും ചർച്ചയാകാമെന്ന് സർവകക്ഷി യോഗത്തിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിലും ആ വാക്ക് പാലിച്ചില്ല.
ചൊവ്വാഴ്‌ച പാർലമെന്റിന് മുന്നിൽ എസ്‌ഐആറിന് എതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. സിപിഐ എം ലോക്‌സഭാ നേതാവ് കെ രാധാകൃഷ്‌ണൻ, രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ് തുടങ്ങിയവർ പങ്കുചേർന്നു. ലോക്‌സഭ ചേർന്നപ്പോൾതന്നെ എസ്‌ഐആറിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ചർച്ച വേണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു സർക്കാർ. രണ്ടുവട്ടം നിർത്തിയ സഭ ബുധനാഴ്‌ച ചേരാനായി പിരിഞ്ഞു.
എസ്‌ഐആർ അടിയന്തര വിഷയമായതിനാൽ സർക്കാർ ചർച്ചയ്‌ക്ക് സന്നദ്ധമാകണമെന്ന് രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, സിപിഐ എം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ്, ഡെറിക്ക് ഒബ്രിയൻ (തൃണമൂൽ), തിരുച്ചി ശിവ (ഡിഎംകെ) തുടങ്ങിയവർ ആവശ്യപ്പെട്ടു. എന്നാൽ വന്ദേമാതരം ചർച്ചയ്‌ക്കുശേഷം എസ്‌ഐആർ പരിഗണിക്കാമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിന്നു. പ്രതിപക്ഷ വാക്കൗട്ടിനുശേഷം മണിപ്പുർ ജിഎസ്‌ടി ഭേദഗതി ബിൽ രാജ്യസഭ പാസാക്കി.










0 comments