സുപ്രധാന വിഷയങ്ങളിൽ പ്രത്യേക ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം


സ്വന്തം ലേഖകൻ
Published on Dec 01, 2025, 12:15 AM | 1 min read
ന്യൂഡൽഹി
: ശീതകാല സമ്മേളനത്തിൽ സുപ്രധാന വിഷയങ്ങളിൽ പ്രത്യേക ചർച്ചയ്‌ക്ക് സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ പാർടികൾ സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. ലേബർ കോഡുകൾ, എസ്‌ഐആർ, ഡൽഹി സ്‌ഫോടനത്തിന് വഴിയൊരുക്കിയ സുരക്ഷാവീഴ്‌ച തുടങ്ങി വിഷയങ്ങൾ ചർച്ച ചെയ്യണമെന്നാണ് ആവശ്യം.
തൊഴിലാളിവർഗം പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളാണ് ലേബർ കോഡുകളിലൂടെ കവർന്നെടുത്തതെന്ന് സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് ജോൺ ബ്രിട്ടാസ് പറഞ്ഞു.
കോർപ്പറേറ്റുകൾക്ക് അനുകൂലമായ ലേബർ കോഡുകൾക്കെതിരായി വലിയ ജനരോഷമാണുയരുന്നത്. തൊഴിലാളികളും കർഷകരും രാജ്യവ്യാപകമായി പ്രതിഷേധിച്ചു. ഐക്യത്തോടെയുള്ള കൂടുതൽ പ്രതിഷേധങ്ങൾക്ക് അവർ തയ്യാറെടുക്കുകയാണ്. മറ്റ് നടപടികൾ മാറ്റിവെച്ച് ഇൗ വിഷയത്തിൽ ചർച്ച വേണം.
എസ്‌ഐആർ പ്രക്രിയയെ പ്രതിപക്ഷ പാർടികൾ കൂട്ടായി എതിർത്തിട്ടും തെരഞ്ഞെടുപ്പ് കമീഷൻ ഏകപക്ഷീയമായി മുന്നോട്ടുപോവുകയാണ്. കമീഷന്റെ സുതാര്യതയില്ലായ്‌മക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിഷയം പ്രത്യേകമായി ചർച്ച ചെയ്യണം.
ഗുരുതര സുരക്ഷാവീഴ്‌ചയാണ് ഡൽഹി സ്‌ഫോടനത്തിന് വഴിവെച്ചത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണിത്. സുരക്ഷ ഉറപ്പാക്കുന്നതിൽ ആഭ്യന്തര മന്ത്രാലയം പൂർണപരാജയമാണ്. സുരക്ഷാ വീഴ്‌ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും അതെങ്ങനെ സംഭവിച്ചുവെന്ന വിശദീകരിക്കുകയും വേണം. ഇന്ത്യയെ അപമാനിക്കുംവിധം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടർച്ചയായി പ്രസ്‌താവന നടത്തുകയാണ്. ഓപ്പറേഷൻ സിന്ദൂറിന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് സർക്കാർ വ്യക്തമാക്കണം. തൊഴിലില്ലായ്‌മ, ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള കടന്നാക്രമണം തുടങ്ങി മറ്റ് സുപ്രധാന വിഷയങ്ങളിലും ചർച്ച ആവശ്യമാണ് –ബ്രിട്ടാസ് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനത്തെക്കുറിച്ച് മറ്റ് പ്രതിപക്ഷ പാർടികളും ചർച്ച ആവശ്യപ്പെട്ടു. കമീഷൻ പ്രവർത്തനത്തെക്കുറിച്ച് മാത്രമായി ചർച്ച സാധ്യമല്ലെന്നും തെരഞ്ഞെടുപ്പുകളെക്കുറിച്ച് പൊതുവിൽ ചർച്ച പരിഗണിക്കാമെന്നും സർക്കാർ അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആരോഗ്യമന്ത്രി ജെ പി നദ്ദ, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു എന്നിവരാണ് സർക്കാരിനുവേണ്ടി സംസാരിച്ചത്.









0 comments