print edition അഞ്ചാംദിനവും പാർലമെന്റ് സ്‌തംഭിച്ചു

ന്യൂഡൽഹി
കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കും എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുള്ള പ്രതിപക്ഷപ്രതിഷേധങ്ങളിൽ തുടർച്ചയായ അഞ്ചാം ദിവസവും പാർലമെന്റ് സ്‌തംഭിച്ചു. ലോക്‌സഭയും രാജ്യസഭയും കാര്യമായ നടപടികളിലേക്ക് കടക്കാതെ തിങ്കളാഴ്‌ചത്തേക്ക് പിരിഞ്ഞു. ‘ഏകാധിപത്യം അനുവദിക്കില്ല’, ‘പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കണം’ ‘നരേന്ദ്ര കീഴടങ്ങി’ തുടങ്ങിയ മുദ്രാവാക്യങ്ങൾക്കിടെ ലോക്‌സഭ സ്‌പീക്കർ ഓംബിർളയുടെ സമാധാന ഇടപെടലുകൾ മുങ്ങിപ്പോയി. ഏകപക്ഷീയ അമേരിക്കൻ വ്യാപാര കരാർ, മുൻ കരസേനാമേധാവി എം എം നരവനേയുടെ പുസ്‌തകത്തിലെ വെളിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിലാണ് ഇരുസഭകളും പ്രക്ഷുബ്‌ധമായത്.
പ്രധാനമന്ത്രിക്ക് ലോക്‌സഭയെ അഭിമുഖീകരിക്കാൻ ഭയമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. തുടർച്ചയായ പ്രതിഷേധങ്ങളിൽ ഇൗ സമ്മേളനത്തിന്റെ 19 മണിക്കൂറും 13 മിനിറ്റും പാഴായതായി സ്‌പീക്കർ ആരോപിച്ചു. എന്നാൽ, പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കുംവരെ ബജറ്റ് ചർച്ചകളുമായി സഹകരിക്കേണ്ടെന്ന നിലപാടിൽ മാറ്റമില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. രാജ്യസഭയും പ്രക്ഷുബ്‌ധമായി. പാർലമെന്റിന് പുറത്തും കേന്ദ്രസർക്കാരിന് എതിരായ പ്രതിപക്ഷ പ്രതിഷേധം തുടർന്നു. ‘കെണി കരാർ അനുവദിക്കില്ല’ എന്ന ബാനറുമായി പാർലമെന്റ് കവാടത്തിൽ പ്രതിപക്ഷഅംഗങ്ങൾ പ്രതിഷേധിച്ചു.
സ്‌പീക്കറുടെ നടപടിയിൽ വിമർശം ശക്തം
പ്രധാനമന്ത്രിയെ ആക്രമിക്കാൻ പ്രതിപക്ഷ അംഗങ്ങൾ പദ്ധതിയിട്ടെന്ന ലോക്‌സഭാ സ്‌പീക്കർ ഓംബിർളയുടെ ആരോപണത്തിനെതിരെ വിമർശം ശക്തമായി. സ്‌പീക്കർ പദവിയിൽ നിന്നും പ്രതീക്ഷിക്കപ്പെടുന്ന നിഷ്‌പക്ഷ, മധ്യസ്ഥ നിലപാടുകൾക്ക് വിരുദ്ധമാണ് ഓംബിർളയുടെ ഇടപെടലുകളെന്ന ആക്ഷേപമാണ് ഉയരുന്നത്. ലോക്‌സഭയിൽ നന്ദിപ്രമേയ ചർച്ചയ്‌ക്ക് മറുപടി പറയാൻ എത്താത്ത പ്രധാനമന്ത്രിയെ സംരക്ഷിക്കാനായി ‘തന്റെ ആവശ്യാനുസരണമാണ് പ്രധാനമന്ത്രി സഭയിലേക്ക് വരാതിരുന്നത്’– എന്ന് സ്ഥാപിക്കാനായിരുന്നു ഓംബിർളയുടെ പരിശ്രമം. പ്രതിപക്ഷനിരയിലെ വനിതാ അംഗങ്ങൾ ഉൾപ്പടെ മോദിയെ ആക്രമിച്ചേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താൻ പ്രധാനമന്ത്രിയോട് ലോക്‌സഭയിലേക്ക് വരേണ്ടെന്ന് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു.










0 comments