ad
Deshabhimani

സിയുഇടി പരീക്ഷയിലും ആശങ്ക, പുനഃപരിശോധന ശുപാർശ ചെയ്ത് പാർലമെന്ററി സമിതി

cuet
വെബ് ഡെസ്ക്

Published on Jun 17, 2026, 10:39 AM | 1 min read

ന്യൂഡൽഹി: രാജ്യത്തെ കേന്ദ്ര സർവകലാശാലകളിൽ ബിരുദ തല പ്രവേശനത്തിനായി നടത്തുന്ന സിയുഇടി പരീക്ഷയുടെ ഘടനയിൽ ആശങ്കകൾ രേഖപ്പെടുത്തി പാർലമെന്ററി സമിതി. നിലവിലെ മൾട്ടിപ്പിൾ ചോയ്സ് ചോദ്യശൈലി ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടി. പരീക്ഷാ രൂപകൽപ്പനയും ചോദ്യങ്ങളുടെ ഗുണനിലവാരവും പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.


രാജ്യസഭാ എം പി ദിഗ്‌വിജയ് സിങ് അധ്യക്ഷനായ വിദ്യാഭ്യാസം, സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ, കായികം എന്നിവയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. രാജ്യസഭാ ചെയർമാൻ സി പി രാധാകൃഷ്ണന് സമിതി സമർപ്പിച്ച 381-ാമത് ‘നടപടി റിപ്പോർട്ടിലാണ്’ പരാമർശങ്ങളുള്ളത്.


ഹ്യുമാനിറ്റീസ് വിഷയങ്ങൾക്ക് MCQ അനുയോജ്യമല്ലെന്ന് സമിതി നിരീക്ഷിച്ചു. സ്വതന്ത്രവും വ്യക്തിഗതവുമായ ചിന്താഗതിക്ക് മുൻഗണന നൽകുന്ന ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ് വിഷയങ്ങളിലെ വിദ്യാർത്ഥികളുടെ യഥാർത്ഥ കഴിവ് അളക്കാൻ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾക്ക് സാധിക്കില്ലെന്ന് റിപ്പോർട്ട് ചൂണ്ടികാട്ടുന്നു.ഇതു വഴി സർവകലാശാലകളുടെ വൈവിധ്യം നഷ്ടപ്പെടുന്നു എന്നാണ് സമിതിയുടെ വിലയിരുത്തൽ.


ജെ എൻ യു പോലെയുള്ള പ്രമുഖ സർവകലാശാലകൾക്ക് സാമൂഹിക-സാമ്പത്തിക, പ്രാദേശിക വൈവിധ്യങ്ങൾ ഉറപ്പാക്കാൻ പ്രത്യേക നിയമപരമായ വ്യവസ്ഥകളുണ്ട്. ഉദാഹരണത്തിന് പ്രവേശനത്തിനുള്ള ഡിപ്രിവേഷൻ പോയിന്റുകൾ. എന്നാൽ സിയുഇടി പരീക്ഷ മാത്രം മാനദണ്ഡമാക്കുമ്പോൾ ഇത്തരം പ്രത്യേക ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ സർവകലാശാലകൾക്ക് കഴിയുന്നില്ല. കാണാതെ പഠിക്കുന്ന രീതി ഒഴിവാക്കി, ഉയർന്ന ചിന്താശേഷി വളർത്തണമെന്നാണ് ദേശീയ വിദ്യാഭ്യാസ നയം (NEP 2020) വിഭാവനം ചെയ്യുന്നത്. നിലവിലെ പരീക്ഷാ രീതി ഇതിന് എത്രത്തോളം അനുയോജ്യമാണെന്ന് പരിശോധിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.


വ്യത്യസ്ത ബോർഡുകളിൽ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് തുല്യമായ അവസരം നൽകാനും പരീക്ഷാ ഭാരം കുറയ്ക്കാനുമാണ് സിയുഇടി കൊണ്ടുവന്നതെന്നാണ് സർക്കാർ വാദം. 2025-ൽ 13,54,699 അപേക്ഷകരുമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ പരീക്ഷയായി സിയുഇടി മാറിയിട്ടുണ്ട്. പ്രവേശന പരീക്ഷയുടെ ഗുണനിലവാരത്തെയും ഘടനയെയും കുറിച്ച് വരും ദിവസങ്ങളിൽ കൂടുതൽ വിശദമായ ചർച്ചകൾ നടത്താനാണ് പാർലമെന്ററി സമിതിയുടെ നീക്കം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home