ഒരേ മനസ്സാലെ പതിനായിരങ്ങൾ ; 12 ആവശ്യങ്ങൾ എത്രയും വേഗം നടപ്പാക്കുമെന്ന് സർക്കാർ രേഖാമൂലം ഉറപ്പുനൽകി
print edition പാൽഘർ പ്രക്ഷോഭം ; വിയർപ്പ് തുന്നിയ വിജയം

സമരവിജയത്തെ തുടര്‍ന്ന് പാല്‍ഘര്‍ കലക്‍ടറേറ്റിന് പുറത്ത് സിപിഐ എം പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം
ന്യൂഡൽഹി
മഹാരാഷ്‌ട്രയിലെ ദഹാനു താലൂക്കിലെ ചരോട്ടിയിൽനിന്ന് 60 കിലോമീറ്റർ ദൂരം വിയർപ്പൊഴുക്കി സമരഭടൻമാർ പാൽഘറിലെത്തിയപ്പോൾ രചിച്ചത് പുതുചരിത്രം. കർഷകരുടെയും തൊഴിലാളികളുടെയും ആദിവാസികളുടെയും ജീവൽപ്രശ്‌നങ്ങൾ ഉയർത്തി സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹുജന പ്രക്ഷോഭം കൈവരിച്ചത് ഐതിഹാസിക വിജയം. അരലക്ഷത്തോളം പേർ പങ്കെടുത്ത മഹാപ്രക്ഷോഭത്തിൽ ഉന്നയിച്ച പ്രധാനപ്പെട്ട എല്ലാ ആവശ്യങ്ങളുംഎത്രയും വേഗം നടപ്പാക്കുമെന്ന് മഹാരാഷ്‌ട്രയിലെ ബിജെപി സർക്കാർ ഉറപ്പുനൽകി. ഇതോടെ, ചരോട്ടിയിൽനിന്നും പാൽഘറിലേക്ക് നടന്ന ആവേശോജ്വല ലോങ്മാർച്ചും 17 മണിക്കൂറിലധികം നീണ്ട കലക്‌ടറേറ്റ് ഉപരോധവും പൂർണ വിജയമായി.
സിപിഐ എം, അഖിലേന്ത്യാ കിസാൻ സഭാ നേതാക്കളും ജില്ലാ മജിസ്‌ട്രേറ്റ് ഡോ. ഇന്ദുറാണി ജാഖർ ഉൾപ്പടെയുള്ള ജില്ലാ അധികൃതരും നടത്തിയ നീണ്ട ചർച്ചയ്‌ക്കൊടുവിൽ 12 ആവശ്യങ്ങൾ എത്രയും വേഗം നടപ്പാക്കുമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകി.
വനാവകാശനിയമം കർശനമായി നടപ്പാക്കണമെന്ന സമരക്കാരുടെ ആവശ്യം എത്രയും വേഗം നടപ്പാക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. ഏപ്രിൽ 30നകം വനാവകാശവുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും തീർപ്പാക്കും. ഭൂമി രജിസ്‌ട്രേഷൻ നടപടികൾ വേഗം പൂർത്തിയാക്കും. ഇതിനുവേണ്ടി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അധ്യക്ഷയായ സമിതിക്ക് രൂപംകൊടുത്തു. സിപിഐ എമ്മിൽനിന്നും അഖിലേന്ത്യകിസാൻസഭയിൽനിന്നുമുള്ള അഞ്ച് നേതാക്കൾ സമിതിയിൽ അംഗങ്ങളാകും. ക്ഷേത്ര, ഇനാം ഭൂമികളുടെ കാര്യത്തിൽ ഒരു പുതിയ നിയമനിർമാണം ഉടൻ പാസാക്കും. നിർദിഷ്‌ട നിയമത്തിന്റെ പകർപ്പ് ജില്ലാ മജിസ്‌ട്രേറ്റ് കിസാൻസഭയ്‌ക്ക് കൈമാറി. ഭൂവുടമകളുടെ പക്കലുള്ള ഭൂമികളുടെ കാര്യത്തിൽ ആവശ്യമായ പരിശോധനകൾ നടത്തി നടപടിയെടുക്കും.
പ്രക്ഷോഭകരുടെ മറ്റ് ആവശ്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും ഇൗ വിഷയങ്ങളിൽ സിപിഐ എം ഉന്നയിച്ചിട്ടുള്ള ശക്തമായ വിയോജിപ്പുകൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ ബോധ്യപ്പെടുത്തുമെന്നും കലക്ടർ പ്രതികരിച്ചു. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും അഖിലേന്ത്യാകിസാൻസഭ പ്രസിഡന്റുമായ അശോക്‌ധാവ്‌ളെ, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വിനോദ് നിക്കോളെ എംഎൽഎ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ കിരൺ ഗഹാല, പ്രാചി ഹതിവെൽക്കർ, സംസ്ഥാനകമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ജില്ലാ മജിസ്‌ട്രേറ്റുമായുള്ള ചർച്ചയിൽ പങ്കെടുത്തു.
ഒരേ മനസ്സാലെ പതിനായിരങ്ങൾ
മോദിസർക്കാരിനെയും മഹാരാഷ്‌ട്രയിലെ ഫഡ്‌നവിസ് സർക്കാരിനെയും ഒരുപോലെ വിറപ്പിച്ച മഹാപ്രഷോഭത്തിൽ വൻ ജനപങ്കാളിത്തമാണുണ്ടായത്. ചരോട്ടി–പാൽഘർ ലോങ് മാർച്ചിലും കലക്‌ട്രേറ്റ് ഉപരോധത്തിലും അര ലക്ഷത്തിലധികമാളുകൾ അണിനിരന്നു. രാപകൽ നീണ്ട പദയാത്രയിൽ സ്‌ത്രീകളും കുട്ടികളും വൃദ്ധരും യുവാക്കളും ഒരേ മനസ്സോടെ മുന്നേറി.
പ്രക്ഷോഭകരിൽ ഭൂരിഭാഗവും ആദിവാസി വിഭാഗക്കാരായിരുന്നു. പാൽഘർ കലക്‌ടറേറ്റിന്റ നാല് ഗേറ്റും അടച്ചിട്ട് സമരഭടൻമാരുടെ വീര്യം ചോർത്താൻ അധികൃതർ ശ്രമിച്ചു. ഇതോടെ, 60 കിലോമീറ്റർ ദൂരം താണ്ടിയെത്തിയ പാവങ്ങൾ എവിടെ ഇരിക്കുമെന്ന ചോദ്യമുയർന്നു. കലക്‌ടറേറ്റിന്റെ കവാടങ്ങളിൽ കുത്തിയിരിക്കാൻ നേതാക്കൾ നിർദേശിച്ചു. ജില്ലാ മജിസ്‌ട്രേറ്റ് ഉൾപ്പടെ ഒരാൾക്കും പുറത്തുപോകാൻ കഴിയാത്തവിധമുള്ള ഉപരോധം ഫലം കണ്ടു. എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതായി നേതാക്കൾ അറിയിച്ചതോടെ കലക്‌ടറേറ്റിന് മുന്നിൽ രാത്രി വൈകി വിജയാഹ്ലാദ പ്രകടനവും യോഗവും നടന്നു.










0 comments