അതിർത്തിയിൽ 'വിലാപ'യാത്ര ; പാക് പൗരര്‍ക്കുള്ള സമയപരിധി അവസാനിച്ചു

പാകിസ്ഥാനിലേക്ക് നാടുകടത്താനായി ജമ്മു കശ്മീരില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തവരെ അട്ടാരി അതിര്‍ത്തിയിലെത്തിച്ചപ്പോള്‍
ന്യൂഡൽഹി :
മെഡിക്കൽ വിസയുള്ളവർക്കുള്ള സമയപരിധിയും അവസാനിച്ചതോടെ ഇന്ത്യാ–പാക് അതിർത്തിയിൽ രാജ്യംവിടാൻ തിക്കുംതിരക്കും. നാടുകടത്തൽ ഭയന്ന് സ്വയമേ എത്തിയവരുടെയും അധികൃതർ നിർബന്ധിച്ച് എത്തിച്ചവരുടെയും വിലാപക്കാഴ്‌ചകളായിരുന്നു ബുധനാഴ്‌ചയും.
ഇന്ത്യയിൽ ശേഷിക്കുന്ന പാക് പൗരരെ കണ്ടെത്തി അതിർത്തി കടത്താനാണ് ഇനി അധികൃതർ ലക്ഷ്യമിടുന്നത്. അതേസമയം, ദീർഘകാല വിസയ്ക്ക് അപേക്ഷിച്ചിട്ടുള്ള പാക് പൗരരരായ ഹിന്ദുക്കളെ നാടുകടത്തൽ പ്രക്രിയയിൽനിന്ന് ഒഴിവാക്കി. ഇതുവരെ അപേക്ഷിച്ചിട്ടില്ലെങ്കിൽ അതിനുള്ള അവസരവും അനുവദിച്ചിട്ടുണ്ട്. ജോധ്‌പുരിൽ ഇത്തരത്തിൽ 362 ഹിന്ദുയുവതികൾക്ക് അടിയന്തരമായി വിസ അനുവദിച്ചു.
എന്നാൽ, ഇന്ത്യയിൽ വിവാഹം ചെയ്തെത്തിയ ദീർഘകാല വിസയ്ക്ക് അപേക്ഷിച്ചിട്ടുള്ള മുസ്ലിം യുവതികൾക്ക് ഈ വ്യവസ്ഥ ബാധകമല്ല. ഇതോടെ, കശ്‌മീരികളുടെ പാക് പൗരരായ ഭാര്യമാരും മടങ്ങണമെന്നായി. 2010ൽ ഒമർ അബ്ദുള്ള സർക്കാരാണ് പൊതുമാപ്പ് നൽകി ഭീകരപ്രവർത്തനം ഉപേക്ഷിച്ച പാക് അധീന കശ്‌മീരിലുള്ളവരുടെ കുടുംബങ്ങൾക്ക് പുനഃരധിവാസം ഉറപ്പാക്കിയത്. ഇവരിൽ പലരും പാക് യുവതികളെയാണ് വിവാഹം ചെയ്തത്.
ഇങ്ങനെയെത്തിയ 150ഓളം യുവതികളിൽ 60 പേർക്കെങ്കിലും ഭർത്താവും മക്കളുമടങ്ങുന്ന കുടുംബത്തെ ഉപേക്ഷിച്ച് മടങ്ങേണ്ടിവരും. തങ്ങളെ ഇന്ത്യൻ പൗരരായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ കശ്‌മീരിൽ പ്രതിഷേധിച്ചു. ആറുദിവസത്തിനുള്ളിൽ 55 നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരുമുൾപ്പെടെ 786 പാക് പൗരരാണ് അതിർത്തി വഴി ഇന്ത്യവിട്ടത്. പാകിസ്ഥാനിൽനിന്ന് 1465 ഇന്ത്യാക്കാർ തിരിച്ചെത്തി. 25 നയതന്ത്രജ്ഞരും 151 ദീർഘകാല ഇന്ത്യൻ വിസയുള്ള പാക് പൗരരും ഇതിൽ ഉൾപ്പെടുന്നു. ചെന്നൈയിലും ഡൽഹിയിലും ചികിത്സയ്ക്കായി എത്തിയ പാക് കുടുംബങ്ങൾ ചികിത്സ ഉപേക്ഷിച്ച് മടങ്ങിപ്പോയി. ജന്മനാ ഹൃദയ തകരാറുള്ള ഒമ്പതും ഏഴും വയസ്സായ രണ്ട് ആൺകുട്ടികളും ശസ്ത്രക്രിയ ചെയ്യാതെ മടങ്ങിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.
മകന്റെ മൃതദേഹവും കാത്ത് പാക് ദമ്പതികൾ
ചെന്നൈയിലെ ആശുപത്രിയിൽ മരിച്ച പാക് യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതും കാത്ത് മാതാപിതാക്കൾ. ഹൃദയത്തിനും ശ്വാസകോശത്തിനും ഗുരുതര രോഗം ബാധിച്ച സയ്യദ് ആര്യൻ ഷാ (23) ചെന്നൈ എംജിഎം ഹെൽത്ത്‌കെയറിൽ 25നാണ് അന്തരിച്ചത്. ഫെബ്രുവരി 12 മുതൽ ചികിത്സയിലായിരുന്നു.
പഹൽഗാം ആക്രമണത്തെ തുടർന്ന് സംഘർഷം ശക്തമായതോടെ, മൃതദേഹം എത്തിക്കാൻ സഹായിക്കണമെന്ന് ബലൂചിസ്ഥാനിലെ ക്വെറ്റ സ്വദേശികളായ മാതാപിതാക്കൾ പാക് സർക്കാരിനോട് അഭ്യർഥിച്ചു. ചൊവ്വാഴ്ച മൃതദേഹം കൊളംബോ വഴി കറാച്ചിയിൽ എത്തിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, മൃതദേഹം കൊണ്ടുവരുന്നതിൽ സാങ്കേതികതടസ്സമുണ്ടായെന്ന വിശദീകരണമാണ് ലഭിച്ചതെന്ന് സയ്യദിന്റെ അമ്മ സൈമ ഷാ പറഞ്ഞു.
ജനിച്ച് 14- –ാം ദിവസം നാടുകടത്തി
ജനിച്ച് 14 ദിവസം മാത്രമായ കുഞ്ഞും അമ്മയോടൊപ്പം നാടുകടത്തപ്പെട്ടു. 2017 മുതൽ കശ്‌മീരിൽ താമസിക്കുന്ന സാറാ ഖാനും കുഞ്ഞുങ്ങളുമാണ് ബുധനാഴ്‌ച വാഗാ അതിർത്തിയിലൂടെ പൊരിവെയിലത്ത് പാകിസ്ഥാനിലേക്ക് പോയത്.
ഭർത്താവ് ഔറംഗസീബിന് ഇന്ത്യൻ പാസ്പോർട്ട് ലഭിച്ചതിനാൽ ഇന്ത്യ വിടാനായില്ല. എട്ടു വയസ്സുള്ള മൂത്തമകനും കെെക്കുഞ്ഞുമായാണ് സാറയെ പാകിസ്ഥാനിലേക്ക് വിട്ടത്. ‘വേഷം മാറാൻ പോലും സമ്മതിച്ചില്ല. ഞാൻ പ്രസവം കഴിഞ്ഞ് വിശ്രമത്തിലായിരുന്നു’–സാറ പറഞ്ഞു. 2026 ജൂലൈ വരെ സാറയുടെ ദീർഘകാല വിസയ്ക്ക് കാലാവധി നിലനിൽക്കേയാണ് നാടുകടത്തൽ.
പാക് അധിനിവേശ കശ്‌മീരിൽ വിമാന സര്‍വീസ് റദ്ദാക്കി
പാക് അധിനിവേശ കശ്‌മീരിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ). ഗിൽജിത്, സ്കർദു എന്നിവിടങ്ങളിലേക്കും വടക്കൻ പ്രദേശങ്ങളിലേക്കുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്നാണ് വിശദീകരണം. എല്ലാ വിമാനത്താവളങ്ങൾക്കും പാക് സർക്കാർ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.










0 comments