പാക് ഷെല്ലാക്രമണം: സെെനികനും രജൗരി ജില്ല അഡീഷണൽ വികസന കമീഷണറും കൊല്ലപ്പെട്ടു

രാജ്കുമാർ ഥാപ്പ, പവൻകുമാർ
ന്യൂഡൽഹി:
പാക് ഷെല്ലാക്രമണത്തിൽ ജമ്മു കശ്‍മീരില്‍ സൈനികനും ബിഎസ്‌എഫ് ഇൻസ്‌പെക്‌ടർക്കും വീരമൃത്യു. ഹിമാചൽ പ്രദേശിലെ കാംഗ്ര സ്വദേശിയായ 25പഞ്ചാബ് റെജിമെന്റിലെ സുബേദാർ മേജർ പവൻകുമാറും ബിഎസ്‌എഫ് സബ് ഇൻസ്‌പെക്‌ടർ എം ഡി ഇംതിയാസുമാണ് പാക് ആക്രമണം ചെറുക്കുന്നതിനിടെ വീരമൃത്യു വരിച്ചത്.
ശനി രാവിലെ 7.30 ഓടെ നിയന്ത്രണരേഖയിൽ പാക് ഷെല്ലാക്രമണത്തിന് ശക്തമായി തിരിച്ചടി നൽകുന്നതിനിടെ പവൻകുമാറിന് പരിക്കേല്‍ക്കുകയായിരുന്നു. സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിരമിക്കാന്‍ രണ്ട് മാസം മാത്രമായിരുന്നു ബാക്കി. മൃതദേഹം ഞായറാഴ്‌ച സംസ്‌കരിക്കും.
ജമ്മു കശ്‌മീർ നിയന്ത്രണരേഖയിൽ പാക് ആക്രമണം ചെറുക്കുന്നതിനിടെയാണ് എം ഡി ഇംതിയാസ് വീരമൃത്യു വരിച്ചത്. ശനിയാഴ്‌ച ആർഎസ് പുര ഔട്ട്‌പോസ്റ്റിനുനേരെ പാക് സേന നടത്തിയ വെടിവയ്‌പിന് തിരിച്ചടി നൽകുന്നതിനിടെയാണ് പരിക്കേറ്റത്. ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം.
അഡീ. ജില്ലാ വികസന കമീഷണര്‍ കൊല്ലപ്പെട്ടു
പാക് ഷെല്ലാക്രമണത്തിൽ രജൗരി ജില്ലയുടെ അഡീഷണൽ ജില്ല വികസന കമീഷണര്‍ രാജ്‌കുമാർ ഥാപ്പ (55) കൊല്ലപ്പെട്ടു. രജൗരി ടൗണിലെ രാജ്‍കുമാറിന്റെ വീട്ടിൽ ഷെല്ലുകള്‍ പതിക്കുകയായിരുന്നു. എംബിബിഎസ് ബിരുദദാരിയായ ഥാപ്പ 2001ലാണ് ജമ്മു കശ്‍മീര്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെത്തുന്നത്.









0 comments