ബംഗളൂരുവിലെ റോഡുകൾ നന്നാക്കാൻ പണം നൽകാമെന്ന് വ്യവസായി; പ്രശ്നം പണമല്ല, 'പണി'യാണെന്ന് പി ചിദംബരം

ബംഗളൂരു: ബംഗളൂരുവിലെ തകർന്ന റോഡുകൾ ശരിയാക്കാൻ പ്രശ്നം പണമല്ല 'പണി'യാണെന്ന് കോൺഗ്രസ് എംപി പി ചിദംബരം. ബംഗളൂരുവിലെ മോശം റോഡുകളുടെ അറ്റകുറ്റപണികൾ പരിഹരിക്കാൻ പണം നൽകാം എന്ന ബയോകോൺ ചെയർപേഴ്‌സൺ കിരൺ മജുംദാർ ഷായുടെ വാഗ്ദാനത്തോട് പ്രതികരിക്കവേയാണ് ചിദംബരത്തിന്റെ പരാമർശം. നഗരത്തിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങൾ പണം കൊണ്ട് പരിഹരിക്കാവുന്നതിലും അപ്പുറമാണെന്നാണ് കോൺഗ്രസ് നേതാവ് പറയുന്നത്.
"നമ്മുടെ പൊതുമരാമത്ത് പണികളിലുണ്ടാകുന്ന പ്രശ്നം പണത്തിന്റെ അഭാവമല്ല; അത് നടപ്പിലാക്കുന്നതിലാണ്," - ചിദംബരം എക്സ് പോസ്റ്റിൽ കുറിച്ചു. പൊതു പദ്ധതികളുടെ ഗുണനിലവാരത്തിനും സമയബന്ധിതമായ നടത്തിപ്പിനും സ്വകാര്യ വ്യവസായത്തെ ഉത്തരവാദിത്തപ്പെടുത്താൻ കഴിയുന്ന ഒരു സംവിധാനം നിർദ്ദേശിച്ചുകൊണ്ടാണ് ചിദംബരം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കഴിഞ്ഞയാഴ്ച ബംഗളൂരുവിന്റെ വികസനത്തകർച്ചയിൽ കർണാടകത്തിലെ അധികാരികളെ ചോദ്യം ചെയ്ത് കിരൺ മജുംദാർ ഷാ ഓൺലൈൻ പോസ്റ്റിട്ടിരുന്നു. ഇത് ഉന്നത കോൺഗ്രസ് നേതാക്കൾക്കിടയിൽ രോഷത്തിന് കാരണമായി. അവർ "തന്റെ വേരുകൾ മറന്നുപോയി" എന്നും ഇത് ഷായുടെ വ്യക്തിപരമായ അജണ്ടയാണെന്നും ബംഗളൂരു വികസനത്തിന്റെ ചുമതല വഹിക്കുന്ന ഡി കെ ശിവകുമാർ ആരോപിച്ചു.
അതേ സമയം, ചൊവ്വാഴ്ച ദീപാവലി ആശംസകൾ അറിയിക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ നഗരത്തിന്റെ വികസനത്തിന് പിന്തുണ നൽകുമെന്ന് ഷാ അറിയിച്ചു.










0 comments