ad
Deshabhimani

ചീഫ് ഇലക്ഷൻ കമ്മീഷണറെ പദവിയിൽ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിൽ നോട്ടീസ്

cec 26
വെബ് ഡെസ്ക്

Published on Mar 12, 2026, 05:09 PM | 2 min read

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന്  ആവശ്യപ്പെട്ടുള്ള നോട്ടീസിൽ 130 ലോക്സഭാ എംപിമാരും 63 രാജ്യസഭാ എംപിമാരും ഒപ്പു വെച്ചു. നോട്ടീസ് വെള്ളിയാഴ്ച പാർലമെന്റിൽ സമർപ്പിക്കും. ഇന്ത്യ കൂട്ടായ്മയിലെ എല്ലാ കക്ഷികളിൽ നിന്നുമുള്ള എംപിമാരും എഎപി എംപിമാരും നോട്ടീസിൽ ഒപ്പുവച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നീക്കം.


പദവിയിലെ പക്ഷപാതപരമായ പെരുമാറ്റം, തെരഞ്ഞെടുപ്പ് തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണം തടസ്സപ്പെടുത്തൽ, വൻതോതിൽ വോട്ടർമാരെ അയോഗ്യരാക്കൽ എന്നിവയുൾപ്പെടെ ഏഴ് ആരോപണങ്ങളാണ് നോട്ടീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തുടർന്നുകൊണ്ടിരിക്കുന്ന പ്രത്യേക തീവ്ര പരിഷ്കരണ പ്രക്രിയയിൽ (എസ്ഐആർ) ചീഫ് ഇലക്ഷൻ കമ്മീഷണർ ഭരണകക്ഷിയായ ബിജെപിയെ സഹായിക്കുന്നുവെന്ന വ്യാപക പരാതകൾക്കിടെയാണ് പ്രതിപക്ഷത്തിന്റെ ഒന്നിച്ചുള്ള ശക്തമായ നീക്കം.


ചീഫ് ഇലക്ഷൻ കമ്മീഷണറെ നീക്കണമെന്ന ആവശ്യം ഉന്നയിക്കാൻ ലോക്സഭയിൽ 100 എംപിമാരുടെ ഒപ്പ് വേണം. രാജ്യസഭയിൽ 50പേരുടെ ഒപ്പാണ് വേണ്ടത്. സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ ഉള്ള ജഡ്ജിയെ നീക്കം ചെയ്യുന്നതിന് സമാനമായ നടപടിക്രമമാണ് ആവശ്യം. തെളിയിക്കപ്പെട്ട നടപടിദൂഷ്യത്തിന്റെയും വീഴ്ചകളുടെയും അടിസ്ഥാനത്തിലെ ഇത്തരമൊരു നീക്കം സാധ്യമാകൂ.


പാർലമെന്റിന്റെ ഏതെങ്കിലും ഒരു സഭയിൽ നീക്കത്തിനുള്ള പ്രമേയം അവതരിപ്പിക്കണം. സഭയിലെ ആകെ അംഗങ്ങളുടെ ഭൂരിപക്ഷവും ഹാജരിലുള്ളവരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷവും ആവശ്യമാണ്.

ചീഫ് ഇലക്ഷൻ കമ്മീഷണറെ നീക്കം ചെയ്യാനുള്ള നോട്ടീസ് ഒരേ ദിവസം രണ്ട് സഭകളിലും നൽകിയാൽ,രണ്ട് സഭകളിലും പ്രമേയം അംഗീകരിക്കപ്പെട്ടതിന് ശേഷം മാത്രമേ അന്വേഷണ സമിതി രൂപീകരിക്കൂ. ലോക്സഭാ സ്പീക്കറും രാജ്യസഭാ ചെയർമാനും ചേർന്നാണ് ഈ സമിതി രൂപീകരിക്കുക.


വിവാദ നടപടിക്ക് ശേഷം ആദ്യമായി പദവിയിൽ


സെലക്‌ഷൻ കമ്മിറ്റിയിൽനിന്ന്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസിനെ ഒഴിവാക്കി നിയമനിർമാണം നടത്തിയശേഷം ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണറാണ്‌ ഗ്യാനേഷ്‌ കുമാർ.


1988 കേരള കേഡർ ഐഎഎസ്‌ ഉദ്യോഗസ്ഥനാണ്. ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ വിശ്വസ്‌തനായാണ് അറിയപ്പെട്ടിരുന്നത്. മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ രാജീവ്‌ കുമാർ വിരമിച്ചതോടെ 2025 മാര്‍ച്ച് 15 നാണ് ചുമതലയേറ്റത്. ചീഫ് ഇലക്ഷൻ കമ്മീഷണര്‍ പദവിയിലെത്തുന്ന ഇരുപത്തി ആറാമത് വ്യക്തിയാണ്.


ചീഫ് ഇലക്ഷൻ കമ്മീഷണറും മറ്റ് ഇലക്ഷൻ കമ്മീഷണർമാരും (നിയമനം, സേവന വ്യവസ്ഥകൾ, കാലാവധി) നിയമം, 2023, ജഡ്ജസ് (അന്വേഷണ) നിയമം, 1968 എന്നിവ പ്രകാരമാണ് ഇംപീച്ച്മെന്റ് നടപടിക്രമം നിർവചിച്ചിരിക്കുന്നത്. പ്രമേയം അംഗീകരിച്ചാൽ ആരോപണങ്ങൾ അന്വേഷിക്കാൻ സ്പീക്കറോ ചെയർമാനോ മൂന്നംഗ സമിതി രൂപീകരിക്കും. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ സുപ്രീം കോടതിയിലെ ഒരു ജഡ്ജി, ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഒരു പ്രമുഖ നിയമവിദഗ്ദ്ധൻ എന്നിവരായിരിക്കും സമിതി അംഗങ്ങൾ.


പാർലമെന്റിന്റെ ഇരുസഭകളും പ്രമേയം വിജയകരമായി പാസാക്കിയാൽ, അത് രാഷ്ട്രപതിക്ക് അയച്ചുകൊടുക്കും. ഇരുസഭകളുടെയും പ്രമേയത്തിന്മേൽ, ചീഫ് ഇലക്ഷൻ കമ്മീഷണറെ പദവിയിൽ നിന്ന് നീക്കം ചെയ്തുകൊണ്ടുള്ള അന്തിമ ഉത്തരവ് രാഷ്ട്രപതി പുറപ്പെടുവിക്കുന്നതാണ് നടപടി ക്രമം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home