ad
Deshabhimani

ഒറക്കളിൽ കൂട്ടപ്പിരിച്ചുവിടൽ; ബെംഗളൂരുവിൽ റിയൽ എസ്റ്റേറ്റ് വിപണി പ്രതിസന്ധിയിൽ

Oracle

പ്രതീകാത്മക ചിത്രം (Image Credit - AFP)

വെബ് ഡെസ്ക്

Published on Apr 01, 2026, 04:10 PM | 2 min read

ബെം​ഗളൂരു : ഇന്ത്യൻ ഐടി മേഖലയിൽ ആശങ്ക പടർത്തി പ്രമുഖ ആഗോള ടെക് കമ്പനിയായ ഒറക്കിളിൽ കൂട്ടപ്പിരിച്ചുവിടൽ. ഒറക്കിൾ ഇന്ത്യയിലെ 12000 ജീവനക്കാരെയാണ് ഒറ്റയടിക്ക് പുറത്താക്കിയത്. വരും ആഴ്ചകളിൽ കൂടുതൽ പേർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് സൂചന.


ലോകമെമ്പാടുമായി 30,000 തസ്തികകൾ വെട്ടിക്കുറക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് കമ്പനി അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ ജീവനക്കാർക്ക് ലഭിച്ച ഇമെയിലിൽ "Today's your last working day" എന്ന അറിയിപ്പാണ് നൽകിയത്. രണ്ട് പതിറ്റാണ്ടോളം നീണ്ട വളർച്ചക്ക് ശേഷം ഇന്ത്യൻ ഐടി മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നതിന്റെ സൂചനയാണിത്.


ഐടി ജീവനക്കാരുടെ വരുമാനത്തെ ആശ്രയിച്ച് വളർന്ന ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ തിരിച്ചടി പ്രകടമായിത്തുടങ്ങി. ജോലി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ വലിയ തുക മുടക്കി വീടുകളും ഫ്ലാറ്റുകളും വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് ഐടി പ്രൊഫഷണലുകൾ പിന്മാറുകയാണ്. പലരും ഉയർന്ന വിലയുള്ള വീടുകൾക്ക് പകരം കുറഞ്ഞ ചെലവിലുള്ള താമസസ്ഥലങ്ങൾ തേടുന്നു.


ജോലി നഷ്ടപ്പെട്ടവർക്ക് ലോൺ തിരിച്ചടവ് ബാധ്യതയാകുന്നതും മറ്റുള്ളവർക്ക് നാളെ ജോലി നഷ്ടപ്പെട്ടേക്കാം എന്ന ഭീതിയുമാണ് ഈ പ്രതിസന്ധിക്ക് കാരണം. ബെംഗളൂരുവിന് പുറമെ ഹൈദരാബാദ്, പൂനെ, നോയിഡ തുടങ്ങിയ നഗരങ്ങളിലും ഈ പ്രതിസന്ധി പടരുകയാണ്.


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ കടന്നുകയറ്റം ഐടി മേഖലയിലെ തൊഴിൽ സുരക്ഷക്ക് ഭീഷണിയാകുന്നുണ്ട്. 2031ഓടെ ഐടി, കോൾ സെന്റർ മേഖലകളിലെ 20 ശതമാനം ജോലികളും ഓട്ടോമേഷൻ വഴി ഇല്ലാതാകുമെന്ന് നിതി ആയോഗ് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ജീവനക്കാർക്ക് നൽകുന്ന ശമ്പളം ലാഭിക്കാനായി യന്ത്രങ്ങളെയും എഐ സംവിധാനങ്ങളെയും ആശ്രയിക്കുന്ന കമ്പനികളുടെ നിലപാട് ദശലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി.


ഐടി കയറ്റുമതിയിലൂടെ ലഭിക്കുന്ന 300 ബില്യൺ ഡോളറിന്റെ വിദേശനാണ്യം രാജ്യത്തിന്റെ സാമ്പത്തിക അടിത്തറക്ക് നിർണായകമാണ്. എന്നാൽ നിഫ്റ്റി ഐടി ഇൻഡക്സ് ഈ വർഷം 25 ശതമാനത്തോളം ഇടിഞ്ഞത് നിക്ഷേപകർക്കിടയിലെ ആശങ്ക വെളിപ്പെടുത്തുന്നു. വരും വർഷങ്ങളിൽ ഏകദേശം 80 ബില്യൺ ഡോളറിന്റെ വരുമാന നഷ്ടം ഈ മേഖലയിൽ ഉണ്ടായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.


ടിസിഎസ്, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ ഇന്ത്യൻ ഐടി ഭീമന്മാരുടെ ബിസിനസ് മാതൃകകൾ നിർമിത ബുദ്ധിക്ക് മുന്നിൽ അടിപതറുകയാണ്. കുറഞ്ഞ വേതനത്തിൽ ഇന്ത്യൻ ഡെവലപ്പർമാരെ ലഭ്യമാക്കുക എന്നതായിരുന്നു ഇതുവരെയുള്ള പ്രധാന വെല്ലുവിളി. എന്നാൽ അതിലും കുറഞ്ഞ ചെലവിൽ എഐ കോഡിംഗ് സംവിധാനം ലഭ്യമായതോടെ ആ​ഗോളതലത്തിൽ ഇടപാടുകാർ ഇന്ത്യയെ കൈവിടാൻ സാധ്യതയുണ്ട്. ഇത് രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാക്കാനും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കാനും കാരണമായേക്കും.


മുതലാളിത്ത മനോഭാവവും മാറുന്ന സാങ്കേതിക വിദ്യയും ചേർന്ന് ഐടി മേഖലയിൽ സൃഷ്ടിക്കുന്ന ഈ പ്രതിസന്ധി നേരിടാൻ സർക്കാർ തലത്തിൽ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. തൊഴിൽ നഷ്ടപ്പെടുന്നവർക്ക് പുനരധിവാസവും ബദൽ തൊഴിൽ മാർഗ്ഗങ്ങളും ഉറപ്പാക്കേണ്ടത് അടിയന്തര ആവശ്യമായി മാറിയിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home