print edition രാമക്ഷേത്രക്കൊള്ള, വിദ്യാർഥിവേട്ട: മോദിയെയും ഷായെയും കടന്നാക്രമിച്ച് പ്രതിപക്ഷം

വിദ്യാർഥി പ്രക്ഷോഭത്തിനുനേരെയുണ്ടായ പൊലീസ് നരനായാട്ടിലും അയോധ്യ ക്ഷേത്രക്കൊള്ളയിലും കേന്ദ്ര സർക്കാർ മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ പാർലമെന്റിനുമുന്നിൽ നടത്തിയ ധർണ
സ്വന്തം ലേഖകൻ
Published on Aug 05, 2026, 12:44 AM | 1 min read
ന്യൂഡൽഹി: അയോധ്യ ക്ഷേത്രക്കൊള്ളയിൽ നരേന്ദ്രമോദിയും ജന്തർമന്തറിലെ വിദ്യാർഥി വേട്ടയിൽ അമിത് ഷായും വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ഇരുസഭകളും സ്‌തംഭിപ്പിച്ച് പ്രതിപക്ഷം. അതേസമയം, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പാർലമെന്റിൽ പങ്കെടുക്കാതെ പാർലമെന്റ് ലൈബ്രറി കെട്ടിടത്തിലെ ഓഡിറ്റോറിയത്തിൽ ചേർന്ന എൻഡിഎ പാർലമെന്ററി പാർടി യോഗമായ ‘മംഗൾ മിലനി’ൽ (ചൊവ്വാഴ്‌ച സംഗമം) പങ്കെടുത്ത് മടങ്ങുകയായിരുന്നു. ഇരുവർക്കും പാർലമെന്റിൽ വരാൻ പേടിയാണെന്ന് പ്രതിപക്ഷം പരിഹസിച്ചു.
പാർലമെന്റിനുപുറത്തും പ്രതിഷേധം തുടരുകയാണ്. ‘അമിത് ഷാ മറുപടി പറയണം, കാണിക്ക മോഷ്ടാക്കൾ സിംഹാസനം ഒഴിയണം– തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴങ്ങി. രാജ്യസഭയിൽ ശൂന്യവേളയിൽ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ കാണിക്കക്കൊള്ള വിഷയം ഉന്നയിച്ചു. ‘രാമന്റെ പേരിൽ കൊള്ള നടത്തിയവർ രാജ്യത്തോട് മാപ്പുപറയണം. ഇഡിയും സിബിഐയും ഇൻകം ടാക്‌സും കാണിക്കക്കൊള്ള അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി പാർലമെന്റിൽ വിശദീകരിക്കണം’– ഖാർഗെ പറഞ്ഞു. തുടർന്ന് മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തി.
ജന്തർമന്തറിലെ പൊലീസ് അതിക്രമത്തിന് ശേഷം രണ്ടാഴ്‌ച പിന്നിട്ടിട്ടും ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരണം നൽകിയിട്ടില്ല. തുടർച്ചയായി 12 ദിവസമായി അദ്ദേഹം ഇരുസഭകളിലും എത്തുന്നില്ല. പ്രധാന ബില്ലുകൾ സഹമന്ത്രിയാണ് അവതരിപ്പിക്കുന്നത്. രാജ്യസഭയിൽ എംഎസ്‌എംഇ ബിൽ ചർച്ചാവേളയിൽ അമിത്‌ഷായുടെ അസാന്നിധ്യം ഉന്നയിക്കാൻ ശ്രമിച്ച എംപിമാരെ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ് തടഞ്ഞു.










0 comments