ആന്ധ്രയിൽ ഒഎൻജിസി എണ്ണക്കിണറിലെ തീപിടിത്തം തുടരുന്നു; നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു

അമരാവതി: ആന്ധ്രപ്രദേശിലെ ഡോ. ബി.ആർ അംബേദ്കർ കോനസീമ ജില്ലയിൽ ഒഎൻജിസി എണ്ണക്കിണറിലുണ്ടായ വൻ തീപിടിത്തം രണ്ടാം ദിവസവും തുടരുന്നു. തിങ്കളാഴ്ച ഉച്ചയോടെ മോറി ഗ്രാമത്തിലെ 'മോറി-5' കിണറിലുണ്ടായ വാതകച്ചോർച്ചയെത്തുടർന്നാണ് തീപിടിത്തമുണ്ടായത്.
സംഭവത്തെത്തുടർന്ന് പ്രദേശവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കിണറിലെ അറ്റകുറ്റപ്പണികൾക്കിടെ ഉണ്ടായ ശക്തമായ വാതക ചോർച്ചയാണ് അഗ്നിബാധയ്ക്ക് കാരണമായത്.
20 മീറ്ററോളം ഉയരത്തിൽ ആളിപ്പടരുന്ന തീ അണയ്ക്കാനായി മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നുമുള്ള വിദഗ്ധ സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ കിണറിന് ചുറ്റും വാട്ടർ അംബ്രല്ല തീർത്ത് താപനില കുറയ്ക്കാനുള്ള ശ്രമങ്ങളാണ് അഗ്നിശമനസേന നടത്തുന്നത്.
ഇരൂസുമന്ദ, മോറി തുടങ്ങിയ സമീപ ഗ്രാമങ്ങളിലെ 600-ഓളം പേരെ അധികൃതർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കിണറിന് ചുറ്റുമുള്ള അഞ്ഞൂറോളം തെങ്ങുകൾ പൂർണ്ണമായും കത്തിയമർന്നു.
സമീപത്തെ വൈദ്യുത ബന്ധം വിച്ഛേദിക്കുകയും അടുപ്പുകൾ കത്തിക്കരുതെന്ന് കർശന നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ഒഎൻജിസിയുടെ ക്രൈസിസ് മാനേജ്‌മെന്റ് ടീമും ദുരന്തനിവാരണ സേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.










0 comments