ലോക്‌സഭാ സ്‌തംഭനം തുടരുന്നു
print edition സ്‌പീക്കർ ഓം ബിർളയെ നീക്കാന്‍ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം

ന്യൂഡൽഹി
പക്ഷപാതപരമായി പ്രവർത്തിക്കുന്ന ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയെ നീക്കാനായി പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ പാർടികൾ. ഭരണഘടനയുടെ 94 സി അനുച്‌ഛേദപ്രകാരം നോട്ടീസ് നൽകും. നോട്ടീസിന് 20 ദിവസത്തെ സാവകാശം ആവശ്യമായതിനാൽ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിൽ നൽകാനാണ് നീക്കം. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ ചേംബറിൽ തിങ്കളാഴ്‌ച ചേർന്ന പ്രതിപക്ഷ പാർടി നേതാക്കളുടെ യോഗത്തിലാണ് ഇൗ നിർദേശമുയർന്നത്.
യോഗത്തിൽ കോൺഗ്രസ്, സിപിഐ എം, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, എസ്‌പി, ആർജെഡി, എൻസിപി (ശരദ് പവാർ പക്ഷം), ശിവസേന (ഉദ്ധവ് പക്ഷം) തുടങ്ങിയ പാർടികളുടെ നേതാക്കൾ പങ്കെടുത്തു. സ്‌പീക്കറെ നീക്കുന്നതിനായി 100 എംപിമാർ ഒപ്പിട്ട പ്രമേയമാണ് നൽകേണ്ടത്. പ്രമേയം വോട്ടിനിട്ട് സഭ അംഗീകരിച്ചാൽ സ്‌പീക്കർ നീക്കം ചെയ്യപ്പെടും. ഇതുവരെ ഒരു സ്‌പീക്കറും ഇൗവിധം നീക്കം ചെയ്യപ്പെട്ടിട്ടില്ല.
രാഷ്ട്രപതിയുടെ അഭിസംബോധനയ്‌ക്കുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവിനെ അനുവദിച്ചില്ല, പ്രതിപക്ഷത്തെ വനിതാ എംപിമാർക്കെതിരായി നടത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ, ബിജെപി എംപി നിഷികാന്ത് ദൂബെ ഇന്ദിരാ ഗാന്ധി ഉൾപ്പെടെയുള്ള നെഹ്‌റു കുടുംബാംഗങ്ങൾക്കെതിരായി നടത്തിയ അധിക്ഷേപാർഹമായ പരാമർശങ്ങൾ അനുവദിക്കൽ, സിപിഐ എമ്മിന്റെ സു വെങ്കടേശന്‍ അടക്കം പ്രതിപക്ഷത്തെ എട്ട് എംപിമാരെ സസ്‌പെൻഡ് ചെയ്‌ത നടപടി എന്നിവ ചൂണ്ടിക്കാട്ടിയാകും പ്രമേയം. ആഗസ്‌തിൽ രാജ്യസഭാധ്യക്ഷൻ ജഗ്‌ദീപ് ധൻഖറിനെതിരെ പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നെങ്കിലും സാങ്കേതികകാരണം ചൂണ്ടിക്കാട്ടി നിരാകരിച്ചു.
ലോക്‌സഭാ സ്‌തംഭനം തുടരുന്നു
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ചതിനെതിരായ പ്രതിഷേധത്തിൽ തുടർച്ചയായ ആറാം ദിവസവും പാർലമെന്റ് നടപടികൾ സ്തംഭിച്ചു. സ്പീക്കറുടെ പക്ഷപാത നിലപാടിനെതിരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയതോടെ ലോക്‌സഭ പലതവണ നിർത്തിവെച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് സഭ ചേർന്നപ്പോൾ ബജറ്റ് ചർച്ചയ്ക്കായി ശശി തരൂരിനെ സഭാധ്യക്ഷ ക്ഷണിച്ചിരുന്നു. ഈ സമയം, തനിക്ക് സംസാരിക്കാൻ സ്പീക്കർ അനുമതി നൽകിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. എന്നാൽ ഇത്തരമൊരു ഉറപ്പ് നൽകിയിട്ടില്ലെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു നിലപാടെടുത്തതോടെ സഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി.
പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ സഭ ചൊവ്വാഴ്ചത്തേക്ക് പിരിഞ്ഞു.
സർക്കാർ ചർച്ചകളെ ഭയപ്പെടുകയാണെന്ന് രാഹുൽ ഗാന്ധി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യ-–യുഎസ് വ്യാപാരകരാർ, ജനറൽ നരവനേയുടെ വെളിപ്പെടുത്തലുകൾ തുടങ്ങിയ നിർണ്ണായക വിഷയങ്ങൾ സഭയിൽ ഉന്നയിക്കപ്പെടുമെന്ന ആശങ്കയാണ് സർക്കാരിനെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, രാജ്യസഭയിൽ നടന്ന ബജറ്റ് ചർച്ചയിൽ സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷവിമർശനം ഉയർത്തി. മുൻ ധനമന്ത്രി പി ചിദംബരം ചർച്ചയ്ക്ക് തുടക്കമിട്ടു. ഇന്ത്യ–-യുഎസ് വ്യാപാര കരാർ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം നൽകിയ അടിയന്തര നോട്ടീസുകൾ സഭാധ്യക്ഷന്മാർ തള്ളി.










0 comments