പാചകക്കാരിയായി ദളിത് യുവതി, ഒഡീഷയിൽ അംഗൻവാടി ബഹിഷ്കരണം; സർക്കാർ ചർച്ചയിൽ പോലും പങ്കെടുക്കാതെ നാട്ടുകാർ

ഭുവനേശ്വർ: അംഗൻവാടിയിൽ ദളിത് യുവതിയെ പാചകക്കാരിയായി നിയമിച്ചതിൽ പ്രതിഷേധിച്ച് ഒഡീഷയിലെ കേന്ദ്രപാര ജില്ലയിൽ ഗ്രാമീണർ നടത്തുന്ന ബഹിഷ്കരണം തുടരുന്നു. പ്രശ്നം പരിഹരിക്കാൻ ജില്ലാ ഭരണകൂടം വിളിച്ചുചേർത്ത അനുരഞ്ജന യോഗം ഗ്രാമീണർ ബഹിഷ്കരിച്ചു.
കഴിഞ്ഞ മൂന്ന് മാസമായി നുവാഗാവ് ഗ്രാമത്തിലെ ഈ അംഗൻവാടിയിലേക്ക് രക്ഷിതാക്കൾ കുട്ടികളെ അയക്കുന്നില്ല. ഗ്രാമത്തിലെ ബിരുദധാരിയായ ഷർമിസ്ത സേത്തി (20) എന്ന ദളിത് യുവതിയെ ഹെൽപ്പർ-കം-കുക്കായി നിയമിച്ചതാണ് ഗ്രാമീണരെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ നവംബറിലായിരുന്നു നിയമനം.
ഇതിനുപിന്നാലെ ഉയർന്ന ജാതിക്കാരായ രക്ഷിതാക്കൾ കുട്ടികളെ അംഗൻവാടിയിൽ നിന്ന് പിൻവലിക്കുകയായിരുന്നു. ഇതേ ഗ്രാമവാസിയാണ് ഷർമിസ്ത എങ്കിലും ജാതീയമായ വിവേചനമാണ് ബഹിഷ്കരണത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പ്രശ്നം രമ്യമായി പരിഹരിക്കാൻ കേന്ദ്രപാര സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഗ്രാമത്തിലെത്തിയെങ്കിലും സർപഞ്ചും ഒരു വാർഡ് മെമ്പറും രണ്ട് ഗ്രാമീണരും മാത്രമാണ് യോഗത്തിന് എത്തിയത്. കുട്ടികളുടെ പഠനത്തെയും പോഷകാഹാര ലഭ്യതയെയും ബഹിഷ്കരണം ബാധിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
നിയമപരമായ നടപടികൾ ഭയന്ന് ഗ്രാമീണർ ബഹിഷ്കരണത്തിന് കൃത്യമായ കാരണം പറയുന്നില്ലെങ്കിലും ജാതീയത തന്നെയാണ് അടിസ്ഥാന പ്രശ്നമെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു. ഷർമിസ്തയുടെ നിയമനം ഒരു കാരണവശാലും റദ്ദാക്കില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
ഗ്രാമീണരുമായി ചർച്ച നടത്തി അവരെ പിന്തിരിപ്പിക്കാൻ ജനപ്രതിനിധികൾക്ക് നിർദ്ദേശം നൽകി. കുട്ടികളോട് തിരിച്ചുവരാൻ ഷർമിസ്ത നേരിട്ട് അപേക്ഷിച്ചെങ്കിലും ആരും ചെവിക്കൊണ്ടിട്ടില്ല. രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിട്ടും ഗ്രാമീണർ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.










0 comments