ad
Deshabhimani

'നിങ്ങൾ ഹിന്ദുക്കളാണോ; ക്രിസ്ത്യൻ ഉത്പന്നങ്ങൾ ഇവിടെ വിൽക്കേണ്ട': ഒഡീഷയിൽ സംഘപരിവാർ ഭീകരത

Odisha.jpg
വെബ് ഡെസ്ക്

Published on Dec 22, 2025, 05:14 PM | 1 min read

ഭുവനേശ്വർ: ഒഡീഷയിൽ ക്രിസ്മസ് ആഘോഷത്തിനുള്ള സാധനങ്ങൾ വിൽക്കുന്ന രാജസ്ഥാനി വഴിയോരക്കച്ചവടക്കാർക്ക് നേരെ സംഘപരിവാർ ഭീഷണി. രാജസ്ഥാനിൽ നിന്നെത്തിയ കച്ചവടക്കാരെയാണ് 'ഇത് ഹിന്ദു രാഷ്ട്രമാണെന്ന്' ആക്രോശിച്ച് ഒരു സംഘം ആളുകൾ ഭീഷണിപ്പെടുത്തിയത്.


ക്രിസ്മസ് തൊപ്പികളും നക്ഷത്രങ്ങളും മറ്റ് അലങ്കാര വസ്തുക്കളും വിൽക്കുന്നത് ഉടൻ നിർത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഭുവനേശ്വറിലെ തെരുവുകളിൽ കച്ചവടം നടത്തിയിരുന്നവർക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


കച്ചവടക്കാരെ തടഞ്ഞുനിർത്തിയ സംഘം ഇവർ ഹിന്ദുക്കളാണോ എന്ന് ചോദിക്കുകയും ക്രിസ്ത്യൻ മതവുമായി ബന്ധപ്പെട്ട വസ്തുക്കൾ വിൽക്കുന്നത് തടയുകയുമായിരുന്നു. തങ്ങൾ രാജസ്ഥാനിൽ നിന്ന് ഉപജീവനത്തിനായി എത്തിയവരാണെന്ന് വ്യാപാരികൾ പറഞ്ഞിട്ടും സംഘം പിന്മാറാൻ തയ്യാറായില്ല.





നിങ്ങൾ രാജസ്ഥാനിൽ നിന്നുള്ളവരാണെങ്കിൽ ഒഡീഷയിൽ മറ്റ് സാധനങ്ങൾ വിറ്റോളൂ, ഇവിടെ ഇത്തരം വസ്തുക്കൾ വിൽക്കാൻ അനുവദിക്കില്ല എന്നും സംഘത്തിലുള്ള ഒരാൾ ഭീഷണിപ്പെടുത്തുന്നതായി വിഡിയോയിൽ കാണാം.


സംഭവം വിവാദമായതോടെ ഒഡീഷയിലെ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും ബിജെപി ഭരണത്തിന് കീഴിൽ ന്യൂനപക്ഷങ്ങൾക്കും ഇതര സംസ്ഥാന കച്ചവടക്കാർക്കും സുരക്ഷയില്ലെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.


സമാധാനപരമായി കച്ചവടം നടത്തുന്നവരെ ഭീഷണിപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home