ad
Deshabhimani

തലയ്ക്ക് 1.1 കോടി; മുതിർന്ന മാവോയിസ്റ്റ് നേതാവ് ഗണേഷ് ഉയികെ കൊല്ലപ്പെട്ടു

Maoist surrenderd
വെബ് ഡെസ്ക്

Published on Dec 25, 2025, 03:38 PM | 1 min read

ഭുവനേശ്വർ: ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മുതിർന്ന മാവോയിസ്റ്റ് നേതാവ് ഗണേഷ് ഉയികെ ഉൾപ്പെടെ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ ചകപാഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഗണേഷ് ഉയികെയെ പിടികൂടാൻ സഹായിക്കുന്നവർക്ക് വിവിധ സംസ്ഥാനങ്ങൾ ചേർന്ന് 1.1 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.


സിപിഐ മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗവും ഒഡീഷയിലെ സംഘടനയുടെ ചുമതലക്കാരനുമായിരുന്നു 69കാരനായ ഗണേഷ് ഉയികെ. തെലങ്കാനയിലെ നൽഗൊണ്ട ജില്ല സ്വദേശിയായ ഇയാൾ പക്ക ഹനുമന്തു, രാജേഷ് തിവാരി തുടങ്ങി വിവിധ പേരുകളിലും അറിയപ്പെട്ടിരുന്നു. 2013-ലെ ജിറാം ഘാട്ടി ആക്രമണം ഉൾപ്പെടെ നിരവധി വലിയ ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഇദ്ദേഹമെന്ന് പൊലീസ് അറിയിച്ചു.


രഹസ്യ വിവരത്തെത്തുടർന്ന് ഒഡീഷ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും സിആർപിഎഫും ബിഎസ്എഫും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. ബുധനാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടലിൽ ആദ്യഘട്ടത്തിൽ രണ്ട് മാവോയിസ്റ്റുകളും വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ ഗണേഷ് ഉയികെ ഉൾപ്പെടെ നാല് പേരും കൊല്ലപ്പെടുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.


സംഭവസ്ഥലത്തുനിന്നും അത്യാധുനിക ആയുധങ്ങളും ഐഎൻഎസ്എഎസ് റൈഫിളുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മേഖലയിൽ സുരക്ഷാസേനയുടെ തിരച്ചിൽ തുടരുകയാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home