ആനയുടെ ജഡം വെട്ടിമുറിച്ച് കുഴിച്ചുമൂടി; ഒഡീഷയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിൽ

ഭുവനേശ്വർ: ഒഡീഷയിലെ കന്ദമാൽ ജില്ലയിൽ ആന ചരിഞ്ഞ വിവരം പുറംലോകമറിയാതിരിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ ജഡം വെട്ടിമുറിച്ച് വിവിധയിടങ്ങളിൽ കുഴിച്ചുമൂടിയതായി സ്ഥിരീകരണം.
ബാലിഗുഡ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ബെൽഘർ റേഞ്ചിലാണ് നടുക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ റേഞ്ചർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിച്ചതായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഘനശ്യാം മൊഹന്ത സ്ഥിരീകരിച്ചു.
കഴിഞ്ഞ ജനുവരി അഞ്ചിന് ഝിരിപാണി മേഖലയിലാണ് ആന ചരിഞ്ഞത്. വിവരം പുറത്തറിഞ്ഞാൽ തങ്ങളുടെ ജോലിക്ക് തടസ്സമാകുമെന്ന് കരുതി ഫോറസ്റ്റർ, റേഞ്ചർ, ഹോം ഗാർഡുമാർ എന്നിവരടങ്ങുന്ന സംഘം ആനയുടെ ജഡം കഷണങ്ങളാക്കി മുറിച്ചുമാറ്റുകയും വനത്തിന്റെ വിവിധ ഭാഗങ്ങളിലായി രഹസ്യമായി കുഴിച്ചുമൂടുകയുമായിരുന്നു.
ആദ്യം ഈ വാർത്തകൾ നിഷേധിച്ചെങ്കിലും പ്രാഥമിക അന്വേഷണത്തിന് ശേഷം ഡിഎഫ്ഒ തന്നെ വിവരം ശരിവെക്കുകയായിരുന്നു. വനപാലകർ തന്നെ വന്യജീവി സംരക്ഷണ നിയമങ്ങൾ ലംഘിക്കുന്നത് ഗൗരവകരമായ കുറ്റമാണെന്ന് അധികൃതർ വ്യക്തമാക്കി.
ആന ചരിഞ്ഞത് സ്വാഭാവിക മരണമാണോ അതോ വൈദ്യുതാഘാതം പോലെയുള്ള അപകടങ്ങളാണോ എന്ന് കണ്ടെത്താൻ ശാസ്ത്രീയമായ പരിശോധനകൾ നടത്തും. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു.
ഒഡീഷയിൽ വന്യജീവി വേട്ടയും ആനകളുടെ മരണവും വർധിക്കുന്നതിനിടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ പ്രതിക്കൂട്ടിലാകുന്ന ഈ ക്രൂരത പുറത്തുവന്നത്.










0 comments