മധ്യപ്രദേശിൽ ആരോഗ്യകേന്ദ്രത്തിന് മുന്നിൽവെച്ച് നഴ്‌സിനെ വെടിവെച്ചു കൊന്നു

സാഗർ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ഡ്യൂട്ടിക്കെത്തിയ നഴ്‌സിനെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് മുന്നിൽ വെടിവെച്ചു കൊന്നു. ഷാഘർ ഹെൽത്ത് സെന്ററിലെ സ്റ്റാഫ് നഴ്‌സായ ദീപ്ശിഖ ചൗധർ (25) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി എട്ടരയോടെ, പൊലീസ് സ്റ്റേഷന് വെറും 200 മീറ്റർ മാത്രം അകലെ, ആളുകൾ തിങ്ങിനിറഞ്ഞ പ്രദേശത്തുവെച്ചാണ് സംഭവം
രാത്രികാല ഡ്യൂട്ടിക്കായി ആശുപത്രിയുടെ പ്രധാന കവാടത്തിലെത്തിയ ദീപ്ശിഖയെ അജ്ഞാതനായ ഒരാൾ തടഞ്ഞുനിർത്തുകയായിരുന്നു. ദൃക്സാക്ഷികൾ നൽകുന്ന വിവരമനുസരിച്ച്, അക്രമി ദീപ്ശിഖയെ തള്ളിവീഴ്ത്തിയ ശേഷം മൂന്ന് തവണ വെടിയുതിർത്തു. പിന്നിൽ വെടിയേറ്റ യുവതി സംഭവസ്ഥലത്തുതന്നെ രക്തം വാർന്നു മരിച്ചു. വെടിയൊച്ച കേട്ട് പരിസരവാസികൾ ഓടിക്കൂടുന്നതിനിടെ അക്രമി ഓടി രക്ഷപ്പെട്ടു.
ജബൽപൂർ സ്വദേശിയായ യുവാവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ ദീപ്ശിഖയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചിരുന്നതായും യുവതി ഇത് വിസമ്മതിച്ചതാകാം കൊലപാതകത്തിന് കാരണമെന്നും സൂചനയുണ്ട്. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അക്രമി തൊട്ടടുത്തുള്ള വനമേഖലയിലേക്ക് കടന്നതായാണ് വിവരം. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.










0 comments