Deshabhimani

ലക്ഷ്യമിടുന്നത് സ്ത്രീകളെ; 'ന​ഗ്ന സംഘ'ങ്ങളുടെ ആക്രമണത്തിൽ ഭയന്ന് മീററ്റ്

meerut nude gang

പ്രദേശത്ത് ഡ്രോൺ നിരീക്ഷണം നടത്തുന്ന പൊലീസ്

വെബ് ഡെസ്ക്

Published on Sep 06, 2025, 05:05 PM | 1 min read

ലക്നൗ : ന​ഗ്നരായെത്തി സ്ത്രീകളെ ഉപദ്രവിക്കുന്ന സംഘത്തിന്റെ ആക്രമണങ്ങളിൽ ഭയന്ന് ഉത്തർപ്രദേശിലെ മീററ്റ്. സംഘത്തിന്റെ ആക്രമണത്തിന്റെ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഡ്രോൺ നിരീക്ഷണമടക്കമുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് അധികൃതർ.


നിലവിൽ റിപ്പോർട്ട് ചെയ്തത് നാലാമത്തെ സംഭവമാണെന്നാണ് വിവരം. ബാരല വില്ലേജിലെ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന യുവതിയെയാണ് രണ്ടു പേർ ചേർന്ന് വയലിലേക്ക് ബലമായി പിടിച്ചുകൊണ്ടു പോകാൻ ശ്രമിച്ചത്. യുവതി നിലവിളിച്ചതോടെ ​ഗ്രാമവാസികൾ ഓടിക്കൂടിയെങ്കിലും അപ്പോഴേക്കും അക്രമികൾ രക്ഷപെട്ടിരുന്നു. അക്രമികളെപ്പറ്റി മൊഴി നൽകിയപ്പോഴാണ് വസ്ത്രങ്ങളൊന്നും ധരിക്കാതെയാണ് അവർ എത്തിയിരുന്നതെന്നുള്ള വിവരം പുറത്തറിഞ്ഞത്.


ഇതിനു പിന്നാലെ സമാന സംഭവങ്ങൾ മുമ്പ് നടന്നതായി ​ഗ്രാമവാസികൾ വെളിപ്പെടുത്തുകയായിരുന്നു. നാണക്കേട് കാരണമാണ് മുൻ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാഞ്ഞതെന്നും എന്നാൽ ഇപ്പോൾ പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്നും നാട്ടുകാർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.


ഗ്രാമവാസികൾ ഭയന്നാണ് സഞ്ചരിക്കുന്നതെന്നും സ്ത്രീകളെ മാത്രമാണ് അക്രമികൾ ലക്ഷ്യം വയ്ക്കുന്നതെന്നും ഗ്രാമത്തലവൻ രാജേന്ദ്ര കുമാർ പറഞ്ഞു. സംഭവം വിവാദമായതോടെ പൊലീസ് ​ഗ്രാമത്തിലെ വയലുകളിലടക്കം പരിശോധന നടത്തി. മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മണിക്കൂറുകളോളം ഡ്രോണുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തി. നിരീക്ഷണത്തിനായി സമീപ പ്രദേശങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് വനിത പൊലീസിനെയടക്കം വിന്യസിച്ചതായും ഉദ്യോ​ഗസ്ഥർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home